നെടുംകണ്ടത്ത് ജപ്തി നടപടിയ്ക്കിടെ വീട്ടമ്മ സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു
മഹിളാ അസോസിയേഷന്റെയും കെഎസ്‌യുവിന്റെയും നേതൃത്വത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിൻറെ ഇടുക്കി നെടുംകണ്ടം ശാഖയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ബാങ്കിന് മുമ്പിലേക്ക് തള്ളിക്കയറുവാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകരെ പോലീസ് തടഞ്ഞു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രന്റെ നേതൃത്വത്തിൽ ആയിരുന്നു മാർച്ച് സംഘടിപ്പിച്ചത്. തുടർന്ന് കെ എസ് യു പ്രവർത്തകർ റോഡിൽ കുത്തിയിരിപ്പ് സമരം നടത്താൻ ശ്രമിച്ചതും പോലിസ് തടഞ്ഞു.ഇതിന് പിന്നാലെയാണ് മഹിളാ അസോസിയേഷൻ പ്രവർത്തകർ പ്രകടനമായി ബാങ്കിന് മുൻപിൽ എത്തി പ്രതിഷേധിച്ചു. ഇന്നലെ വൈകുന്നേരം ആയിരുന്നു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജപ്തി നടപടികൾക്കായി ബാങ്ക് അധികൃതർ നെടുംകണ്ടം ആനിക്കുന്നേൽ ദിലീപിൻറെ വീട്ടിൽ എത്തിയത്.
ഈ സമയം ദിലീപിന്റെ ഭാര്യ ഷീബ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുകയായിരിന്നു. ഗുരുതരമായി പൊള്ളലേറ്റ ഷീബ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആത്മഹത്യാശ്രമം തടയുന്നതിനിടെ വനിതാ പോലീസ് ഓഫീസറായ അമ്പിളിയ്ക്കും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റു. സാരമായി പൊള്ളലേറ്റ വനിത പോലീസ് ഉദ്യോഗസ്ഥ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം വരും ദിവസങ്ങളിലും ബാങ്കിനെതിരെ പ്രതിഷേധം കടുപ്പിക്കുവാനാണ് വിവിധ രാഷ്ട്രീയ സംഘടനകളുടെ തീരുമാനം. പ്രതിഷേധത്തെ തുടർന്ന് ഇന്ന് ബാങ്ക് തുറന്നു പ്രവർത്തിച്ചില്ല. പോലീസ് ബാങ്കിന് മുമ്പിൽ നില ഉറപ്പിച്ചിട്ടുണ്ട്.