ഈ മാസം 26 ആം തീയതി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ് ഇടുക്കി നിയോജകമണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ പര്യടനം നടത്തി

ഏപ്രിൽ 26ന് കേരളത്തിൽ നടക്കുന്ന പതിനെട്ടാം ലോക്സഭാ പൊതു തെരഞ്ഞെടുപ്പിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി അഡ്വക്കേറ്റ് ജോസ് ജോർജ് ജനവിധി തേടുകയാണ്. ഇടുക്കി നിയോജകമണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കാണുന്നതിനും വോട്ട് അഭ്യർത്ഥിക്കുന്നതിനുമായിട്ടാണ് പര്യടന പരിപാടി സംഘടിപ്പിച്ചത്. കാഞ്ചിയാർ മേപ്പാറയിൽ നിന്നും ആരംഭിച്ച പരിപാടി വിവിധ ഇടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.
ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ ഭരണഘടന അട്ടിമറിക്കപ്പെടുകയാണ്,മതന്യൂനപക്ഷങ്ങൾ , ദളിതർ , പിന്നോക്ക ജനവിഭാഗങ്ങൾ , ആദിവാസികൾ , തുടങ്ങിയവരെ വേർതിരിച്ചു കാണുകയും , അവരുടെ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന നിലപാടുകളിലേക്കും നയങ്ങളിലേക്കും,രാജ്യം ഭരിക്കുന്ന ഗവൺമെന്റ് കടന്നുപോകുന്നു, അതിനെതിരെ ആശയ ദൃഢതയോടു കൂടിയ കൃത്യവും വ്യക്തവുമായ നിലപാട് പാർലമെന്റിന്റെ അകത്തും പുറത്തും വ്യക്തമാക്കാനുള്ള സമയമാണിതെന്ന് സ്ഥാനാർത്ഥി ജോയ്സ് ജോർജ് 20 ഏക്കറിൽ സംഘടിപ്പിച്ച സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു.
മേപ്പാറയിൽ നിന്ന് വിവിധ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിവിധ ഇടങ്ങളിലേക്ക് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. വിവിധ മേഖലകളിൽ വൻ സ്വീകരണമാണ് ജോയ്സ് ജോർജിനായി സംഘടിപ്പിച്ചത്. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് അലക്സ് കോഴിമല പര്യടനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എക്സ് എംഎൽഎ പി പി സുലൈമാൻ റാവുത്തർ തങ്കമണിയിൽ പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്യും. പര്യടനത്തിൽ വിവിധ എൽഡിഎഫ് നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു.