വേനൽച്ചൂട്, ഒപ്പം ഇടുക്കിയിലെ മലയോര മേഖലയിൽ വെട്ടുകിളിശല്യവും

വേനൽച്ചൂടിൽ കാർഷികവിളകൾ കരിഞ്ഞുണങ്ങുന്നതിനിടയിൽ ഇടുക്കിയിലെ മലയോര മേഖലയിൽ വെട്ടുകിളിശല്യവും വർദ്ധിച്ചു. ഏലം,കാപ്പി,കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെയും ഭക്ഷ്യവിളകളുടെയും ഇലകൾ പൂർണ്ണമായും തിന്നു നശിപ്പിക്കുകയാണ്.കൊന്നത്തടി പഞ്ചായത്തിൽ വെട്ടുകിളിശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കാർഷിക വിദഗ്ധർ സന്ദർശനം നടത്തി.
മുനിയറ പുത്തൻപുരയ്ക്കൽ വർക്കിച്ചൻ്റെ കൃഷിയിടത്തിൽ സംഘം സന്ദർശിച്ചു.കേരള കാർഷികസർവ്വകലാശാല കണ്ണാറ വാഴ ഗവേഷണകേന്ദ്രം സയൻ്റിസ്റ്റ് ഡോ. ഗവാസ് രാഗേഷ്, കേന്ദ്ര സംയോജിത കീടനീയന്ത്രണകേന്ദ്രം അസി. പ്ലാൻ്റ് പ്രൊട്ടക്ഷൻ ഓഫീസർ ടോം ചെറിയാൻ, കൊന്നത്തടി കൃഷി ഓഫീസർ ബിജു കെ.ഡി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധയിടങ്ങളിൽ സന്ദർശനം നടത്തി പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ചത്.