തോട്ടം മേഖലയ്ക്ക് കരുത്തും കരുതലുമായി ജോയ്സ് ജോര്‍ജ്ജ് ഉടുമ്പന്‍ചോലയില്‍
നെടുങ്കണ്ടം: തോട്ടം മേഖലയുടെ സ്നേഹവായ്പ് ഏറ്റുവാങ്ങി ജോയ്സ് ജോര്‍ജ്ജ് ഉടുമ്പന്‍ചോലയുടെ മനം കവര്‍ന്നു. അപ്പോ എങ്ങനാ... കട്ടക്ക് നില്‍ക്കുവല്ലേ... ഞങ്ങള്‍ ഒപ്പമുണ്ട് സഖാവേ... വെള്ളിയാഴ്ച രാവിലെ പാറത്തോട്ടിലെത്തിയ സ്ഥാനാര്‍ത്ഥിയോട് തൊഴിലാളികളാണ് ഈ ചോദ്യമെറിഞ്ഞത്.
ഹൃദയപൂര്‍വ്വം എല്ലാവരോടും വോട്ട് അഭ്യര്‍ത്ഥിച്ചും കുശലം പറഞ്ഞും തടിച്ചുകൂടി വന്‍ ജനാവലിയെ അഭിവാദ്യം ചെയ്തും സ്ഥാനാര്‍ത്ഥി മുന്നോട്ട് നീങ്ങി. തുടര്‍ന്ന് കാന്തിപ്പാറ, ഉടുമ്പന്‍ചോല, ശാന്തന്‍പാറ തുടങ്ങിയ പ്രദേശങ്ങളില്‍ പര്യടനം നടത്തി അടുത്ത പഞ്ചായത്തിലേക്ക് കടന്നു. സേനാപതിയിലെ കുത്തുങ്കല്‍, മുക്കുടില്‍, ചെമ്മണ്ണാര്‍, മുരിക്കുംതൊട്ടി, കുരുവിളാസിറ്റി, രാജകുമാരി നോര്‍ത്ത്, ഖജനാപ്പാറ, എന്‍.ആര്‍. സിറ്റി, രാജാക്കാട് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് വന്‍സ്വീകരണമാണ് ലഭിച്ചത്. വന്യജീവി ശല്യമുള്‍പ്പടെ നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിയുമായി പങ്കുവെച്ചു.
വന്യജീവി ആക്രമണം നേരിടാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാല്‍ കേന്ദ്ര വന്യജീവി നിയമം മാറ്റിക്കിട്ടുന്നതിന് പാര്‍ലമെന്‍റില്‍ നാടിനുവേണ്ടി സംസാരിക്കാന്‍ അവസരമുണ്ടാക്കി തരണമെന്നും സ്ഥാനാര്‍ത്ഥി അഭ്യര്‍ത്ഥിച്ചു. രാജാക്കാട് നിംസ് കോളജ്, രാജകുമാരി എന്‍എസ്എസ് കോളജ്, കുടുംബാരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ജോയ്സ് ജോര്‍ജ്ജ് ആ മേഖലയിലെ മതമേലധ്യക്ഷന്‍മാരെയും കണ്ടു.