ഇടുക്കി ടൂറിസം രാജ്യത്തിന് മാതൃകയാക്കും- ജോയ്സ് ജോര്‍ജ്ജ്
പീരുമേട്: ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ രാജ്യത്തിനാകെ മാതൃകയായ ടൂറിസം വികസന ട്രയാംഗിള്‍ രൂപീകരിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് വാഗമണ്ണില്‍ പറഞ്ഞു. ടൂറിസത്തിന്‍റെ കലവറയായ ഇടുക്കിക്ക് ഇനി മുന്നോട്ട് പോകാന്‍ ടൂറിസം സാധ്യതയെ ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാനം.
ഇപ്പോഴും ഇടുക്കിയുടെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. തട്ടേക്കാടും മൂന്നാറും ആനയിറങ്കലും ശ്രീനാരായണപുരവും തേക്കടിയും പാഞ്ചാലിമേടും പരുന്തുംപാറയും വാഗമണ്ണും അഞ്ചുരുളിയും കാല്‍വരിമൗണ്ടും ഇടുക്കിയും നാടുകാണിയും മലങ്കരയും മൂവാറ്റുപുഴ പുഴയോരം പദ്ധതിയും സംയോജിപ്പിച്ച് അതി ബൃഹത്തും ഭാവനാ സമ്പന്നവുമായ പദ്ധതികള്‍ക്ക് രൂപം നല്‍കും. പദ്ധതി രൂപീകരിച്ച് നല്‍കിയാല്‍ കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നിന്നും ഫണ്ടെത്തിക്കാന്‍ കഴിയും. ലോക ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കപ്പെട്ടതോടെ ലക്ഷക്കണക്കിന് വിദേശ സഞ്ചാരികള്‍, വടക്കേയിന്ത്യയില്‍ നിന്നുള്ള സ്വദേശി സഞ്ചാരികള്‍ എന്നിവരെല്ലാം ഇടുക്കിയിലേക്ക് ഒഴുകിയെത്തും. നേരിട്ടും അല്ലാതെയും പതിനായിരക്കണക്കിന് ആളുകള്‍ക്ക് ജോലിയും വരുമാന ലഭ്യതയും ഉറപ്പാക്കാനാകും.
2014 ല്‍ ആദ്യമായി ലഭിച്ച അവസരത്തില്‍ തന്നെ 111 കോടിയുടെ സ്വദേശിദര്‍ശന്‍ ടൂറിസം പദ്ധതി ഇടുക്കിയിലെത്തിക്കാനായത് കൂടുതല്‍ ആത്മവിശ്വാസം പകരുന്നുവെന്ന് ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു. ഇനിയും അവസരം ലഭിച്ചാല്‍ വന്‍കിട ടൂറിസം പദ്ധതികള്‍ ഇടുക്കിയിലെത്തിക്കാനാകും ഒന്നാമത്തെ പരിഗണന നല്‍കുകയെന്നും ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു.