വന്യമൃഗ ആക്രമണം; ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കും : മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി ജില്ലയില്‍ വന്യജീവിശല്യം തടയാനായുള്ള റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലയിലെ വന്യജീവി ആക്രമണങ്ങളും അവ നേരിടുന്നതിനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും അനുബന്ധകാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കളക്ടറേറ്റില്‍ സംഘടിപ്പിച്ച സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ പത്ത് ആര്‍.ആര്‍.ടിയും, രണ്ട് സ്‌പെഷ്യല്‍ ടീമുകളുമാണ് ജില്ലയിലുള്ളത്. മൂന്നാറിലെ പടയപ്പയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രത്യേക വനംവകുപ്പ് സംഘത്തെ നിയോഗിക്കും. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ക്കും മറ്റുമായി നിലവിലുള്ള വിവിധ ജാഗ്രതാസമിതികള്‍ക്കു പുറമെ എം.പി,എം.എല്‍.എ, എല്‍.ഡി,എഫ്, യു.ഡി.എഫ്, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തി രാഷ്ട്രീയ നിരീക്ഷണ സമിതി രൂപികരിക്കും. ഹോട്‌സ്‌പോട് ഏരിയകള്‍ കണ്ടെത്തി വന്യമൃഗങ്ങള്‍ക്ക് വനത്തില്‍ തന്നെ ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തി തീരുമാനമെടുക്കും. കൂടുതല്‍ സ്ഥലങ്ങളില്‍ എ ഐ ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലയുടെ അതിര്‍ത്തികള്‍ മനസിലാക്കി ദൂരം കണക്കാക്കി ഫെന്‍സിങ് സ്ഥാപിക്കും. ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തിയും നബാഡിന്റെ ഫണ്ട് ഉപയോഗിച്ചും സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. വര്‍ഷാവര്‍ഷം ഇതിന്റെ അടിയന്തര അറ്റകുറ്റപണികള്‍ക്കായി പഞ്ചായത്തുകള്‍ നിശ്ചിത തുക മാറ്റിവെയ്ക്കണം. പ്രാദേശികമായി സ്ഥലത്തിന്റെ സ്വഭാവം മനസിലാക്കി ഫെന്‍സിങ് സാധ്യമല്ലാത്തിടത്ത് മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കും. വെളിച്ച സംവിധാനം ഇല്ലാത്ത മേഖലയില്‍ എം.പി, എം.എല്‍.എ, പഞ്ചായത്തുകള്‍ എന്നിവയുടെ തുകകള്‍ ഉപയോഗിച്ച് മിനി ഹൈമാസ്റ്റ്‌ലെറ്റുകള്‍ സ്ഥാപിക്കും. നഷ്ടപരിഹാരം കാലതാമസമുണ്ടാകാതെ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കും. ഇവ നല്കുന്നതില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. വന്യമൃഗങ്ങളുടെ സഞ്ചാരം സംബന്ധിച്ച് മുന്നറിയിപ്പുകള്‍ എസ്. എം. എസ് ആയും പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വനംവകുപ്പ് നല്‍കുന്നുണ്ട്. ഇത് കൂടുതല്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി., എം.എല്‍.എമാരായ എം.എം. മണി, വാഴൂര്‍ സോമന്‍, അഡ്വ.എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ, സബ് കളക്ടര്‍മാരായ ഡോ. അരുണ്‍ എസ് നായര്‍,വി.എം.ജയകൃഷ്ണന്‍, സി.സി. എഫുമാരായ അരുണ്‍ ആര്‍.എസ്., പി.പി. പ്രമോദ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍,വനം-റവന്യു വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.