ഇടുക്കിയിൽ 2700 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ നടപടി
ഇടുക്കി ജില്ലയിൽ 2700 ഏക്കർ തോട്ടം ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ നീക്കം തുടങ്ങി. സ്പെഷൽ ഓഫീസർ ആയിരുന്ന എം ജി രാജമാണിക്യം നൽകിയ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാർ നടപടി. സ്വാതന്ത്ര്യത്തിനു മുൻപ് വിദേശ കമ്പനിയുടെ കൈവശം ഇരുന്നതെന്ന് സ്പെഷ്യൽ ഓഫീസർ കണ്ടെത്തിയ എം എം ജെ പ്ലാന്റേഷൻ 2709.67 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് നടപടി.
ആദ്യഘട്ടമായി കട്ടപ്പന സബ് കോടതിയിൽ ജില്ലാ കളക്ടർ സിവിൽ കേസ് ഫയൽ ചെയ്തു. ഏലപ്പാറ വാഗമൺ വില്ലേജുകളിലായി കിടക്കുന്ന കോട്ടമല എസ്റ്റേറ്റിൻ്റെ 1795.44 ഏക്കർ , ബോണാമി എസ്റ്റേറ്റിൻ്റെ 914 .23 ഏക്കർ ഭൂമി എന്നിവ തിരിച്ചുപിടിക്കാനാണ് തീരുമാനം. പ്രതിസന്ധിയെ തുടർന്ന് രണ്ടു തോട്ടങ്ങളും പൂട്ടിക്കിടക്കുകയാണ്. വിദേശ കമ്പനികൾ കൈവശം വച്ചിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സ്വാതന്ത്രരാനന്തരം സർക്കാരിനാണെന്ന് സ്പെഷ്യൽ ഓഫീസർ കണ്ടെത്തിയിരുന്നു.