യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം : സ്വന്തം ശരീരത്തിലേക്കും തീ പടര്‍ന്നതോടെ കിണറ്റില്‍ ചാടി യുവാവ്

തിരുവനന്തപുരം ചേങ്കോട്ടുകോണത്താണ് യുവതിയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചത്.ഗുരുതര പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു, ചേങ്കോട്ടുകോണം സ്വദേശിനി ജി സരിത എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. സരിതയെ വീട്ടില്‍ നിന്നും ബിനു വിളിച്ചിറക്കുകയായിരുന്നു. വാക്കുതര്‍ക്കത്തിനിടെ ബിനു കൈയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തി.
സ്വന്തം ശരീരത്തിലേക്കും തീ പടർന്നതോടെ ഇയാള്‍ കിണറ്റിലേക്ക് ചാടി. ബിനുവിന് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സരിതക്ക് 80 ശതമാനവും പൊള്ളലേറ്റു. ബിനുവിന്റെ കൈവശം അഞ്ച് ലിറ്റർ പെട്രോള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന് പുറമെ സ്‌കൂട്ടറില്‍ നിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെത്തി. ആക്രമണം നടത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതി എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.