വിലക്കയറ്റം: വിപണി പരിശോധന ഊര്‍ജ്ജിതമാക്കും
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് പൊതുവിപണിയിലെ വില പരിശോധന ഊര്‍ജ്ജിതമാക്കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി. എന്‍ അനി പറഞ്ഞു. വിലക്കയറ്റവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരികള്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനത്തില്‍ കൂടുതല്‍ അധിക വില ഈടാക്കുന്നതായും ഓരേ ഉല്‍പന്നങ്ങള്‍ വ്യത്യസ്ത വിലയ്ക്ക് വില്‍ക്കുന്നുവെന്നുമുള്ള പരാതിയെ തുടര്‍ന്ന് ഒരേ വില വിവരപ്പട്ടിക കടകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഈ വിവരം വ്യാപാരികളെ അറിയിച്ചതായും വഴിയോരക്കച്ചവടക്കാരുടെ ലൈസന്‍സ് സംബന്ധമായ കാര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്‍കിയതായും ജില്ലാ സപ്ലൈ ഓഫീസര്‍ സജിമോന്‍.കെ. പി യോഗത്തില്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സെലീനാമ്മ കെ. പി, വിവിധ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.