ഇടുക്കി ജില്ലയിലെ പ്രധാന അഡ്വഞ്ചർ ടൂറിസം സ്പോട്ടുകളിലൊന്നാവാനൊരുങ്ങി വണ്ടിപ്പെരിയാർ മൌണ്ട് സത്രം
ഇടുക്കി ജില്ലയിലെ പ്രധാന അഡ്വഞ്ചർ ടൂറിസം സ്പോട്ടുകളിലൊന്നാവാനൊരുങ്ങി വണ്ടിപ്പെരിയാർ മൌണ്ട് സത്രം.വണ്ടിപ്പെരിയാർ പഞ്ചായത്തിന്റെ സഹകരണത്തോടെ സംരഭകരായ യുവാക്കൾ ചേർന്നാണ് അഡ്വഞ്ചർ ടൂറിസത്തിന് തുടക്കമിട്ടത്.പദ്ധതിയുടെ ഭാഗമായി 250 മീറ്റർ നീളത്തിൽ സിപ് ലൈൻ സ്ഥാപിച്ച് അഡ്വഞ്ചർ ടൂറിസത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പീരുമേട് എംഎൽഎ വാഴൂർ സോമൻ നിർവഹിച്ചു.സഞ്ചാരികൾ ഒഴുകിയെത്തുന്ന ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനമലങ്കരിക്കുന്ന തേക്കടിക്ക് അടുത്ത സ്ഥലങ്ങളിലെ അഡ്വഞ്ചർ ടൂറിസം സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് വണ്ടിപ്പെരിയാർ മൗണ്ട് സത്രത്തിൽ അഡ്വഞ്ചർ ടൂറിസത്തിന് ഏറെ സാധ്യതയുള്ള സിപ് ലൈൻ ആരംഭിച്ചത്.
കുമളിയിൽ നിന്നും ജീപ്പ് സഫാരിയിൽ ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് സത്രത്തിലും പരിസര പ്രദേശങ്ങളിലും എത്തുന്നത്. ഈ സാധ്യത കണക്കിലെടുത്താണ് വിദേശ അന്തർ സംസ്ഥാന പ്രാദേശിക വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് അഡ്വഞ്ചർ ടൂറിസത്തിന് വണ്ടിപ്പെരിയാർ മൗണ്ടിൽ തുടക്കമായതെന്ന് സംരംഭകനായ അനന്ദു പറഞ്ഞു.
കണ്ണെത്താദൂരത്തോളം ഉയരമേറിയ കുന്നുകളിൽ പരന്നു കിടക്കുന്ന തെയിലതോട്ടങ്ങളുടെ മനോഹര കാഴ്ചകൾക്കൊപ്പം തേയിലകാടുകൾക്ക് മുകളിലൂടെ ഇനി സിപ് ലൈനിലെ സാഹസിക സഞ്ചാരവും ആസ്വദിക്കാം. തേയില കാടുകളുടെ മുകളിലൂടെയുള്ള സിപ് ലൈൻ യാത്ര വ്യത്യസ്ഥ അനുഭവമായിരുന്നതായി സിപ് ലൈനിൽ യാത്ര ചെയ്തവർ പറഞ്ഞു.
വണ്ടിപ്പെരിയാർ മൗണ്ടിൽ ആരംഭിച്ച അഡ്വഞ്ചർ ടൂറിസം പദ്ധതിയുടെ ഉത്ഘാടനം പീരുമേട് MLA വാഴൂർ സോമൻ നിർവ്വഹിച്ചു.വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീരാമൻ ഉദ്ഘാടന യോഗത്തിൽ അധ്യക്ഷനായിരുന്നു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല കുളത്തിങ്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെ പ്രതിഭ ഗുണേശ്വരി എം ജോർജ് തുടങ്ങിയവർ ആശംസകൾ അറിയിച്ച സംസാരിച്ചു.
100 അടിയിലധികം ഉയരമുള്ള സിപ് ലൈനായതിനാൽ സുരക്ഷയുടെ കാര്യത്തിൽ കൃത്യത ഉറപ്പ് വരുത്തുന്നുണ്ട്.സിപ് ലൈൻ വിജയമായാൽ സ്കൈ സൈക്ലിങ്, പാരാഗ്ളൈഡിങ് ഉൾപ്പടെയുള്ള ആക്റ്റിവിറ്റികൾ ഉൾപ്പെടുത്തി അഡ്വഞ്ചർ ടൂറിസം വിപുലീകരികാനാണ് സംരഭകരുടെ തീരുമാനം.