മൂന്നാറിൽ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു; റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
മൂന്നാര്‍ കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ സുരേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. ഇന്ന് രാവിലെ ആറിനു തുടങ്ങിയ ഹർത്താൽ വൈകീട്ട് ആറു വരെയാണ്. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. അപകടത്തില്‍ പരുക്കേറ്റ രണ്ടു പേര്‍ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എസക്കി രാജ, ഭാര്യ റജീന എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മൂന്നാര്‍ കന്നിമല ടോപ്പ് ഡിവിഷന്‍ സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാര്‍ ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. സുരേഷ് കുമാറിന്റെ ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരില്‍ കന്നിമല സ്വദേശികളായ എസക്കി രാജ, ഭാര്യ റെജിനാ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എസക്കി രാജയുടെ മകള്‍ പ്രിയയുടെ സ്‌കൂളില്‍ വാര്‍ഷിക ദിന പരിപാടി കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇവരോടൊപ്പം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. കന്നിമല എസ്റ്റേറ്റ് ബംഗ്ളാവിനു മുന്നിലായിരുന്നു സംഭവം.ഓട്ടോറിക്ഷ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തില്‍ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യില്‍ ചുഴറ്റിയെടുത്ത് എറിഞ്ഞു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന പ്രിയക്കും രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ല.