വണ്ടിപ്പെരിയാരിൽ വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ ആക്രമിച്ചു. അയ്യപ്പൻ എന്നയാളുടെ നാലാമത്തെ പശുവിനെ ആണ് കടുവ ആക്രമിക്കുന്നത്
കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കിടയിൽ വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റ് ഹില്ലാഷ് ഡിവിഷനിൽ താമസിക്കുന്ന അയ്യപ്പൻ എന്നയാളുടെ നാലാമത്തെ പശുവിനെയാണ് കടുവ ആക്രമിക്കുന്നത്. ആറു മാസത്തിനിടയിൽ പ്രദേശത്തെ പത്തോളം വളർത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ അയ്യപ്പൻ എന്നയാളുടെ നാല് പശുവിനെ കടുവ ആക്രമിച്ചതിൽ മൂന്ന് പശുക്കൾ രക്ഷപെട്ടു. എങ്കിലും തീറ്റ എടുക്കുന്നില്ല എന്നും ഒരു പശുവിനെ മൂന്നാഴ്ചകൾക്ക് മുൻപ് ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു .ഇതിനിടയിലാണ് ഇന്നലെ രാത്രിയിൽ എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് സമീപം വരെ കടുവ എത്തി പശുവിനെ ആക്രമിക്കാൻ ശ്രമിച്ചത്.
തുടർന്ന് വനപാലകരെ വിവരംഅറിയിക്കുകയും. മൗണ്ട് ഡിവിഷനിൽ നിന്നുള്ള വനപാലകർ സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തു. പശുവിനെ ആക്രമിച്ചത് കടുവ തന്നെയാണോ എന്ന് അറിയുന്നതിനായി സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു . ജനവാസ മേഖലയായ വണ്ടിപ്പെരിയാറിന്റെ ഗ്രാമ്പി രാജാമുടി തുടങ്ങിയ പ്രദേശത്ത് കഴിഞ്ഞ ആറുമാസകാലമായി കടുവയുടെ സാന്നിധ്യം കാണുന്നതായി നാട്ടുകാർ പറയുന്നുണ്ടെങ്കിലും വനപാലകർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നു .ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഉടൻതന്നെ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.