ഗ്രേസ് ഹോം അന്തേവാസികള്‍ക്ക് സ്നേഹസമ്മാനവുമായി വണ്ടന്‍മേട് എംഇഎസ് സ്കൂള്‍ വിദ്യാര്‍ഥികള്‍
ഉറ്റവരും ഉടയവരുമില്ലാതെ ജീവിതത്തിന്‍റെ പുറമ്പോക്കിലേയ്ക്ക് വലിച്ചെറിയപ്പെട്ടവര്‍ക്ക് താങ്ങായ ചേറ്റുകുഴി ഗ്രേസ് ഹോം പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളെ ചേര്‍ത്ത് പിടിച്ച് വണ്ടന്‍മേട് എംഇഎസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്‍എസ്എസ് വോളണ്ടിയേഴ്സ്. ഗ്രേസ് ഹോമിലെ മുഴുവന്‍ അന്തേവാസികള്‍ക്കുമുള്ള പുത്തന്‍ വസ്ത്രങ്ങള്‍ തയ്യാറാക്കി നല്‍കിയാണ് വിദ്യാര്‍ഥികള്‍ കരുതലിന്‍റെയും സഹജീവി സ്നേഹത്തിന്‍റെയും മാതൃകയായത്. വസ്ത്രങ്ങള്‍ക്ക് പുറമെ അന്തേവാസികള്‍ക്കായി വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്നും കൊണ്ടുവന്ന പൊതിച്ചോറും വിതരണം ചെയ്തു. വിവിധ അസുഖങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്നവരും വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ടവരും ഉള്‍പ്പെടെയുള്ള ഗ്രേസ് ഹോമിലെ അന്തേവാസികള്‍ക്ക് നേരത്തെയും എംഇഎസ് എന്‍എസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ഭക്ഷണവും അവശ്യസാധനങ്ങളും കൈമാറിയിരുന്നു. അന്തേവാസികള്‍ക്കായി വിദ്യാര്‍ഥികള്‍ കലാപരിപാടികളും അവതരിപ്പിച്ചു. അന്തേവാസികളുടെ കണ്ണുകളിലെ സന്തോഷത്തില്‍ ആത്മനിര്‍വൃതിയടഞ്ഞാണ് ഓരോ വോളണ്ടിയറും ഗ്രേസ് വില്ലയില്‍ നിന്നും മടങ്ങിയത്. പ്രിന്‍സിപ്പല്‍ ഫിറോസ് സി എം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രേസ് ഹോം പ്രസിഡന്‍റ് പാസ്റ്റര്‍ കുര്യന്‍, വോളണ്ടിയര്‍മാരായ അബ്റാര്‍ ബിന്‍ സലീം, അന്നമോള്‍ കെ ജി, റീമ റെജി എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍ അബ്ദുള്‍ റഷീദ് പി പി,അധ്യാപകരായ ജസ്റ്റിന്‍ എല്‍, ജിതിന്‍കുമാർ പി, ലേഖ കെ ആര്‍, ഷൈനി ബീഗം എന്നിവർ നേതൃത്വം നല്‍കി.