ആശാ നിർമ്മലിൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ഉപ്പുതറ വളകോട് സ്വദേശിനിയുമായ ആശാ നിർമ്മലിൻ്റെ പ്രഥമ കവിതാ സമാഹാരമാണ് രാഗം. തിരക്ക് പിടിച്ച ജീവിത യാത്രകളിൽ വീണ് കിട്ടിയ സമയങ്ങളിൽ എഴുതി വെച്ച കവിതകളാണ് സമാഹാരമായി പ്രസിദ്ധീകരിച്ചത്. കൈപ്പട പബ്ലിക്കേഷനാണ് കവിത സമാഹാരം പുറത്തിറക്കുന്നത്. 27 കവിതകൾ ഇതിൽ ഉൾപ്പെടുത്തിയിയിരിക്കുന്നു. കട്ടപ്പന പ്രസ് ക്ലബ്ബ് ഹാളിൽ വച്ച് നടന്ന ചടങ്ങ് മുൻ എം പി ജോയ്സ് ജോർജ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ആൻ്റണി മുനിയറ പുസ്തക പ്രകാശനം നിർവ്വഹിച്ചു. കേരള സാഹിത്യ അക്കാദമി അംഗം മോബിൻമോഹൻ പുസ്തകം ഏറ്റ് വാങ്ങി. യുവ കവയത്രി രാഖി ആർ ആചാരി പുസ്തകപരിചയം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ്, ഉപ്പുതറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ ജെയിംസ്, അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. ദർശന സെക്രട്ടറി അഡ്വ. വി എസ് ദീപു അധ്യക്ഷനായിരുന്നു.
കട്ടപ്പന ദർശനയുടെ ആഭിമുഖ്യത്തിലാണ് പുസ്തക പ്രകാശനം സംഘടിപ്പിച്ചത്.സാമൂഹ്യ പശ്ചാത്തലവും പ്രണയവും സ്ത്രീ സ്വാതന്ത്ര്യവുമെല്ലാം പ്രമേയമാക്കിയാണ് കവിത രചിച്ചിരിക്കുന്നത്. സ്കൂൾ കാലഘട്ടം മുതൽ ആശാ നിർമ്മൽ എഴുതിയ കവിതകളിൽ ചിലത് മാത്രമാണ് കവിതാ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.