കട്ടപ്പന നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നാളെ. കോൺഗ്രസ് എ ഗ്രൂപ്പ് അംഗം ബീന ടോമി ചെയർപേഴ്സണാകാൻ സാധ്യത
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ പുതിയ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഫെബ്രുവരി 2 ന് രാവിലെ 11 മണിക്ക് നടക്കും. യു ഡി എഫ് മുന്നണി ധാരണപ്രകാരം ചെയർപേഴ്സനായിരുന്ന ഷൈനി സണ്ണി ചെറിയാൻ രാജിവെച്ച ഒഴിവിലാണ് പുതിയ തിരഞ്ഞെടുപ്പ്. ഈ ഭരണസമിതിയിലെ മൂന്നാമത്തെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പാണിത്. യുഡിഎഫിന് ഭൂരിപക്ഷമുള്ള ഭരണ സമിതിയിൽ കോൺഗ്രസിലെ എ ഐ ഗ്രൂപ്പുകൾക്കായി ചെയർപേഴ്സൺ സ്ഥാനം നീക്കിവെച്ചിരുന്നു. ആദ്യ 3 വർഷം ഐ ഗ്രൂപ്പിനും, തുടർന്ന് 2 വർഷം എഗ്രൂപ്പിനുമാണ് ചെയർപേഴ്സൺ പദവി. ഇതിൽ ഐഗ്രൂപ്പിൽ തർക്കം ഉണ്ടായതിനെ തുടർന്ന് 1.5 വർഷം വീതം ഗ്രൂപ്പിലെ രണ്ട് പേർക്കായി ചെയർപേഴ്സൺ പദവി വീതം വെച്ചു നൽകി. ആദ്യ 1.5 വർഷം ബീന ജോബിയും തുടർന്നുള 1.5 വർഷം ഷൈനി സണ്ണി ചെറിയാനും ചെയർ പേഴ്സണായി സ്ഥാനമേറ്റു. കാലാവധി പൂർത്തിയായതിനെ തുടർന്ന് കഴിഞ്ഞ 19 ന് ഷൈനി സണ്ണി ചെയർപേഴ്സൻ തൽസ്ഥാനം രാജിവെച്ചു . തുടർന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എ ഗ്രൂപ്പിനായി നീക്കിവെച്ചിരിക്കുന്ന ഇനിയുള്ള 18 മാസകാലം കൊച്ചുതോവാള വാർഡിൽ നിന്നും വിജയിച്ച ബീന ടോമിക്കാണ് സാധ്യത. നാളെ 11 മണിക്ക് കൗൺസിൽ ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വർഷങ്ങളായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിത്വമാണ് ബീന ടോമി. കട്ടപ്പന അർബൻ ബോർഡ് മെമ്പറായി പ്രവർത്തിച്ച പരിചയം മുതൽക്കൂട്ടായാണ് കൗൺസിലറായത്. കഴിഞ്ഞ മൂന്ന് വർഷത്തെ ഭരണനിർവ്വഹണ രംഗത്തെ പരിചയം മുതൽക്കൂട്ടായാണ് ബീന ടോമി ചെയർപേഴ്സൺ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.