വണ്ടിപ്പെരിയാറിൽ പീഡനത്തിരനായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് ഡൽഹി ഹ്യൂമൻ റൈറ്റ്സ് കോർ സംഘടന ഭാരവാഹികൾ സന്ദർശിച്ചു
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ആറു വയസ്സുകാരിയുടെ കൊലപാതക കേസിലെ പ്രതിയെ വെറുതെ വിട്ടു കൊണ്ടുള്ള കോടതി വിധിക്കെതിരെ നിയമ പോരാട്ടം കുടുംബത്തിനൊപ്പം നിന്നുകൊണ്ട് നടത്താൻ തീരുമാനിച്ചാണ് ഡൽഹി കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ഹ്യൂമൻ റൈറ്റ്സ് കോർ സംഘടന ഭാരവാഹികൾ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ എത്തിയത്. മാതാപിതാക്കളുമായി ഏറെനേരം സംസാരിക്കുകയും ഇതുവരെയുള്ള കേസിന്റെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
29 ആം തീയതിയാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്. ഇതിനുശേഷം കുടുംബത്തിന് നീതി ലഭിച്ചില്ല എങ്കിൽ സുപ്രീം കോടതിയെ സമീപിച്ചുകൊണ്ട് കുടുംബത്തിന് നീതി ഉറപ്പാക്കാനുള്ള നടപടികൾ ചെയ്യുമെന്ന് ഹ്യൂമൻ റൈറ്റ്സ് കോർ ദേശീയ ജോ. സെക്രട്ടറി വിനു വണ്ടൂർ പറഞ്ഞു. മാതാപിതാക്കളെ കണ്ടതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം കേസിനാവശ്യമായ മുഴുവൻ നിയമസഹായങ്ങളും സംഘടന ഏറ്റെടുത്തുകൊണ്ട് നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളായ കരീം വളാഞ്ചേരി , ഷാഫി , Dr വിജയൻ നിലമ്പൂർ , സലാം വണ്ടുർ എന്നിവരും കുട്ടിയുടെ വീട് സന്ദർശിച്ചു.




