കൈവശമുള്ള വസ്തുവിന് പട്ടയം നിഷേധിച്ചതുമായി ബന്ധപ്പെട്ട് നവകേരള സദസിൽ പരാതി നൽകിയിട്ടും പരിഹാരമാകാത്തതിനെ തുടർന്ന് ഇടുക്കി തൊടുപുഴയിൽ 73 കാരിയുടെ ഒറ്റയാൾ സമരം
കൈവശമുള്ള വസ്തുവിന് പട്ടയം നിഷേധിച്ചതുമായി ബന്ധപ്പെട്ട് നവകേരള സദസിൽ പരാതി നൽകിയിട്ടും പരിഹാരമാകാത്തതിനെ തുടർന്ന് ഇടുക്കി തൊടുപുഴയിൽ 73 കാരിയുടെ ഒറ്റയാൾ സമരം. തൊടുപുഴ കുറിച്ചിപാടം സ്വദേശി അമ്മിണിയാണ് തൊടുപുഴ താലുക്ക് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.1975 മുതൽ കലയന്താനി പാത്തിക്കപ്പാറ ഭാഗത്ത് സർക്കാർ തരിശ് ഭൂമിയിൽ കുടിൽകെട്ടി താമസിച്ചുവന്നിരുന്നതാണ് അമ്മിണി. ആദ്യം 10 സെന്റ് ഉണ്ടായിരുന്നു. ഇപ്പോൾ അത് നാല് സെന്റിലേക്ക് ചുരുങ്ങി. ബാക്കി സ്ഥലം അയല്പക്കത്തുള്ള സർക്കാർ ഉദ്യോഗസ്ഥ കയ്യേറിയെന്ന് അമ്മിണി പറയുന്നു. 1995 ൽ വെള്ളിയാമറ്റം പഞ്ചായത്തിൽ നിന്നും ചെറിയ വീടും ഈ സ്ഥലത്ത് നിർമിച്ച് നൽകി. വൈദ്യുതി കണക്ഷനും, വീട്ടു നമ്പറിൽ റേഷൻകാർഡും അമ്മിണിക്കുണ്ട്. എന്നാൽ വസ്തുവിന് പട്ടയം നൽകുവാനുള്ള അപേക്ഷ നിരസിക്കപ്പെടുന്നുവെന്നാണ് അമ്മിണിയുടെ പരാതി.
അമ്മിണിയുടെ പരാതിക്ക് പിന്നാലെ തൊടുപുഴ തഹസീൽദാർ സ്ഥലം സന്ദർശിച്ചു. ആരെങ്കിലും ഭൂമി കെയ്യെറിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ പറഞ്ഞു. തൻ്റെ സ്ഥലം കയ്യേറിയ വസ്തുവിന് എതിർകക്ഷിക്ക് പട്ടയം നൽകിയതായും അമ്മിണി ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് നവകേരള സദസിൽ ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി ആകാത്തതിൽ പ്രതിഷേധിച്ചാണ് ഈ 73 കാരി സമരം ആരംഭിച്ചത്.