കട്ടപ്പന ഇരുപതേക്കർ പാലം നിർമ്മാണം, വീടൊഴിയേണ്ടി വരുന്ന കുടുംബത്തിന് ആശ്വാസമായി കട്ടപ്പന നഗരസഭ. നഗരസഭയുടെ ഉടമസ്ഥതയിൽ സ്ഥലം ഉണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി

ഇരുപതേക്കർ പാലം നിർമ്മാണം ആരംഭിക്കുന്ന മുറയ്ക്ക് വീടൊഴിയണമെന്നാണ് പാലത്തിനോട് ചേർന്ന് താമസിക്കുന്ന മൂന്നംഗ കുടുംബത്തോട് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിന് വേണ്ട നടപടി നഗരസഭ സ്വീകരിക്കണമെന്ന എൽഡിഎഫ് കൗൺസിലറുടെ കത്തിൻമേലാണ് ഇന്ന് കൗൺസിൽ ഈ വിഷയം പരിഗണിച്ചത്. വീട് നിർമ്മിച്ച് നൽകാനുള്ള നിയമമില്ലെങ്കിലും നഗരസഭയുടെ ആസ്ഥിതിയിലുള്ള സ്ഥലമുണ്ടെങ്കിൽ സർക്കാർ അനുമതി വാങ്ങി സ്ഥലം നൽകാൻ തയ്യാറാണെന്ന് ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ പറഞ്ഞു. അനുയോജ്യമായ സ്ഥലമുണ്ടോ എന്ന് പരിശോധിക്കാൻ സെക്രട്ടറിയെ കൗൺസിൽ ചുമതലപ്പെടുത്തി.
മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പഴയ പാലത്തിൻ്റെ കാലപ്പഴക്കത്തെ തുടർന്നാണ് ഇരുപതേക്കറിൽ പുതിയ പാലം നിർമ്മിക്കുന്നത്. 3.5 കോടി രൂപയാണ് പാലം പണിയുവാൻ തുക വകയിരുത്തിയിരിക്കുന്നത്. വിവിധ പദ്ധതികൾ വഴി സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളുടെ ഗുണനിലവാരമില്ലായ്മയും കൗൺസിലിൽ ചർച്ചയായി. പല വാർഡുകളിലെയും ഹൈമാസ്റ്റ് ലൈറ്റുകൾ കേടായത് കൗൺസിലർമാർ ശ്രദ്ധയിൽപ്പെടുത്തി. എം പി, എം എൽ എ ഫണ്ടിൽ നിന്ന് അനുവദിക്കുന്ന ലൈറ്റുകൾക്ക് കുറഞ്ഞത് 3 വർഷം വാറൻ്റി ഉണ്ടാകണമെന്ന നിർദ്ദേശം കൗൺസിൽ അംഗീകരിച്ചു.
ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് നിർമ്മാണത്തിനും കൗൺസിൽ അനുമതി നൽകി. ജനനിധിയിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ച് ജല അതോറിറ്റിയാണ് സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് നിർമ്മിക്കുന്നത്. വിവിധ പദ്ധതികളുടെ ടെൻഡർ വൈകുന്നത് സംബന്ധിച്ചും കൗൺസിൽ ചർച്ച ചെയ്തു.