നെടുങ്കണ്ടം മലനാട് കാർഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിക്ക് വിജയം
നെടുങ്കണ്ടം മലനാട് കാർഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിക്ക് വിജയം. 13 സീറ്റിലും സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി കേരള കോൺഗ്രസ് എം ആണ് ബാങ്ക് ഭരണത്തിന് നേതൃത്വം നൽകുന്നത്. കേരള കോൺഗ്രസ് എം ഇടതുപക്ഷത്തേക്ക് വന്ന ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് നടന്നത്. 30,500 അംഗങ്ങളാണ് മലനാട് കാർഷിക ഗ്രാമവികസന ബാങ്കിലുള്ളത്. ഇതിൽ 8118 പേർ വോട്ട് രേഖപ്പെടുത്തി. ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളും ദേവികുളം നിയോജക മണ്ഡലത്തിലെ ചിന്നക്കനാൽ, ബൈസൺവാലി, പഞ്ചായത്തുകളും പീരുമേട് നിയോജകമണ്ഡലത്തിലെ ചക്കുപള്ളവും ഉൾപ്പെടെ 13 പഞ്ചായത്തുകളാണ് ബാങ്കിൻ്റെ പ്രവർത്തനപരിധിയിൽ ഉള്ളത്.
സഹകരണ സംരക്ഷണ മുന്നണിയിൽ കേരള കോൺഗ്രസ് എം എട്ടു സീറ്റിലും സിപിഎം നാല് സീറ്റിലും സിപിഐ ഒരു സീറ്റിലും ആണ് മത്സരിച്ചത്. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാലാണ് നിലവിൽ ബാങ്ക് പ്രസിഡൻ്റ്. ജോസ് പാലത്തിനാലിനെ കൂടാതെ സിപിഎമ്മിന്റെ മൂന്ന് ഏരിയ സെക്രട്ടറിമാരും ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നു.
കെപിസിസി സെക്രട്ടറിയും ഡിസിസി ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും ഉൾപ്പെടെയുള്ളവരാണ് യുഡിഎഫ് പാനലിൽ മത്സരിച്ചത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വൻ സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരുന്നത്.