കട്ടപ്പന പള്ളിക്കവലയിൽ ഉണ്ടായ അപകടത്തിൽ പരുക്കേറ്റവരെ സഹായിക്കാത്ത പോലീസുകാർക്ക് സസ്‌പെന്‍ഷന്‍

കട്ടപ്പന പള്ളിക്കവലയിൽ ഉണ്ടായ അപകടത്തിൽ പരുക്കേറ്റവരെ സഹായിക്കാത്ത പോലീസുകാർക്ക് സസ്‌പെന്‍ഷന്‍. ബൈക്ക് അപകടത്തില്‍ പരുക്കേറ്റവരെ സഹായിക്കാതിരുന്ന സംഭവത്തിലാണ് നെടുങ്കണ്ടം സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.ആസാദ് എം, അജീഷ് കെ.ആര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വകുപ്പ് തല നടപടി സ്വീകരിച്ചിരിക്കുന്നത്.കട്ടപ്പന ഡിവൈ.എസ്പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രി കട്ടപ്പന നഗരത്തിലാണ് പിക്ക് അപ് ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റത്.കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു സുഹൃത്ത് ഇരട്ടയാർ എരുമച്ചാടത്ത് അഖിൽ ആന്റണി എന്നിവർക്കാണ് ശനിയാഴ്ച്ച അർധരാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റത്. പള്ളിക്കവലയ്ക്കു സമീപത്തെ കടയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം ടൗണിലേയ്ക്ക് വരുകയായിരുന്നു യുവാക്കൾ. ഇതിനിടെയാണ് തെറ്റായ ദിശയിൽ എത്തിയ പിക് അപ് ഇവരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്.നാട്ടുകാർ ഓടിക്കൂടി യുവാക്കളെ താങ്ങിയെടുക്കുന്നതിനിടെ നെടുംങ്കണ്ടം പൊലീസ് സ്റ്റേഷന്റെ വാഹനമെത്തി.അപകടം കണ്ട് ജീപ്പ് നിർത്തുകയും ചെയ്തു .തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ഇവരെ ജീപ്പിന് അടുത്തേയ്ക്ക് താങ്ങിയെടുത്ത് എത്തിച്ചെങ്കിലും വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ തയ്യാറായില്ല.
മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുവാൻ പറഞ്ഞശേഷം പൊലീസ് ജീപ്പ് മുന്നോട്ടുപോകുകയായിരുന്നു.സമീപത്തെ സ്ഥാപനത്തിന്റെ സി സി ടി വിയിൽ ഇത് കൃത്യമായി പതിഞ്ഞിട്ടുണ്ട്.നെടുങ്കണ്ടം സ്‌റ്റേഷനിൽ നിന്ന് പ്രതിയുമായി സബ് ജയിലിലേക്ക് പോയശേഷം മടങ്ങിയെത്തിയ ജീപ്പാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതെ കടന്ന് പോയത്.പൊലീസിന്റെ അലംഭാവത്തിൽ വ്യാപക പ്രതിഷേധമുണ്ടായതോടെയാണ് കട്ടപ്പന ഡിവൈ.എസ് പി സംഭവത്തിൽ അന്വേഷണം നടത്തിയത്.