ഓണ്‍ലൈൻ തട്ടിപ്പ്: 2800 അക്കൗണ്ടുകള്‍ റദ്ദാക്കാൻ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി സൈബര്‍ പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈനായി പണം തട്ടിയ കേസുകളില്‍ 2800 ബാങ്ക് അക്കൗണ്ടുകള്‍ റദ്ദ് ചെയ്യാൻ സൈബര്‍ പൊലീസ് നിര്‍ദേശം നല്‍കി. 2021 മുതല്‍ പണം തട്ടിയ ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കാനാണ് പോലീസിന്റെ നിര്‍ദേശം. ഡാറ്റ അനലൈസിങ്ങ് മൊഡ്യൂള്‍ സംവിധാനത്തിലൂടെയാണ് തട്ടിപ്പ് നടത്തിയ കൂടുതല്‍ അക്കൗണ്ടുകള്‍ കണ്ടെത്തിയത്.
ലോണ്‍ ആപ്, ഓണ്‍ലൈൻ, ഒ.ടി.പി എന്നിവയിലൂടെ പണത്തട്ടിപ്പ് നടത്തിയ ബാങ്ക് അക്കൗണ്ടുകള്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് രാജ്യത്തെ പ്രധാന ബാങ്കുകള്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് റിസര്‍വ് ബാങ്കിനും കൈമാറും. നിര്‍ദ്ദേശം ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ അക്കൗണ്ടുകള്‍ റദ്ദാക്കണമെന്നാണ് ആവശ്യം.
തെളിവുകള്‍ സഹിതം റിസര്‍വ് ബാങ്കിനും ആവശ്യപ്പെടുമ്ബോള്‍ ഇത്തരം അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും റദ്ദാക്കുകയും ചെയ്യുന്നതാണ് ബാങ്കുകളുടെ രീതി. തട്ടിപ്പിന് കൂട്ടുനിന്നവയില്‍ 70 അക്കൗണ്ടുകള്‍ കേരളത്തിലേത് തന്നെയാണ്. ഈ അക്കൗണ്ടുകള്‍ നിശ്ചിത തുക പ്രതിമാസം ഈടാക്കി മറ്റ് ചിലര്‍ക്ക് കൈമാറുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.