വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു
ഇടുക്കി ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാകളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന സിപ് ലൈനുകള്‍, ഹൈഡ്രജന്‍ ബലൂണ്‍ കേന്ദ്രങ്ങള്‍ , ബോട്ട് സവാരി തുടങ്ങിയ വിവിധ സാഹസിക വിനോദ സഞ്ചാര ഉപാധികള്‍ സഞ്ചാരികള്‍ക്ക് ഉല്ലാസം പകരുന്നതാണെങ്കിലും ഇവ സുരക്ഷിതമായും നിയന്ത്രിതമായും പ്രവര്‍ത്തിക്കുന്നു എന്നത് ഉറപ്പാക്കണം. പ്രാദേശിക ഭരണസമിതി എന്ന നിലയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ അധികാരപരിധിയിലുള്ള സിപ് ലൈനുകള്‍, ഹൈഡ്രജന്‍ ബലൂണുകള്‍, ബോട്ട് സവാരി മുതലായ സാഹസിക വിനോദ ഉപാധികള്‍ പ്രവര്‍ത്തിപ്പിക്കുന്ന എല്ലാ സാഹസിക ടൂറിസം കേന്ദ്രങ്ങള്‍ക്കും അത്തരം സൗകര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ലൈസന്‍സുകളും പെര്‍മിറ്റുകളും ഉണ്ടെന്ന് ഉറപ്പാക്കണം.
ജീവനക്കാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും അവബോധ ക്ലാസുകള്‍ നല്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഡിടിപിസി സെക്രട്ടറി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യു ജില്ലാ ഓഫീസര്‍, എന്നിവര്‍ സ്വീകരിക്കണം. സാഹസിക വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും മുന്‍കരുതലുകളും ഈ ക്ലാസുകളില്‍ ഉള്‍പ്പെടുത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.