വന്യമൃഗങ്ങള്‍ വീട് നശിപ്പിച്ചു; അദാലത്തില്‍ സരസമ്മക്ക് അടച്ചുറപ്പുള്ള വീടിന് അനുമതി
പൂപ്പാറ സ്വദേശി തൊഴുത്തിങ്കല്‍ സരസമ്മ വീട് വന്യമൃഗങ്ങള്‍ നശിപ്പിച്ചെന്ന പരാതിയുമായാണ് ഉടുമ്പന്‍ചോല താലുക്ക് പരാതി പരിഹാര അദാലത്തില്‍ എത്തിയത്. കുരങ്ങ്, കാട്ടുപന്നി, ആന, തുടങ്ങിയ വന്യമൃഗങ്ങള്‍ വീടും കൃഷിയും നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാതി. വാനര സംഘം അടച്ചുറപ്പില്ലാത്ത വീട്ടില്‍ കയറുകയും ഭക്ഷ്യ സാധനങ്ങളും, വസ്ത്രങ്ങളും നശിപ്പിക്കുന്നത് പതിവാണ്. വന്യമൃഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ അടച്ചുറപ്പുള്ള വീട് വേണമെന്ന ആവശ്യവുമായാണ് മന്ത്രി വി.എന്‍ വാസവന്റെ മുന്നിലെത്തിയത്. പരാതി പരിഗണിച്ച് മുന്‍ഗണന വിഭാഗത്തില്‍ അനുമതി നല്‍കാന്‍ മന്ത്രി പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
ശാന്തന്‍പാറ, പൂപ്പാറ, ആനയിറങ്ങല്‍ മേഖലകളില്‍ വന്യമൃഗ ശല്യം രൂക്ഷമാണെന്നും അതിനെ കുറിച്ച് കവിതയും സരസമ്മ എഴുതിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ തന്റെ കവിത ചൊല്ലിയപ്പോള്‍ അദാലത്തിനെത്തിയവര്‍ ഒന്നടങ്കം കയ്യടിച്ചു.
'ആന ചിഹ്നം വിളിച്ചു; ജനങ്ങള്‍ ഭയന്നലറിക്കരഞ്ഞു,
ആനയെ ഭയന്നിട്ട് ജനങ്ങള്‍ക്കിന്ന് ഉറക്കമില്ലാണ്ടായി...' എന്നു തുടങ്ങുന്ന വരികള്‍ വന്യമൃഗങ്ങളില്‍ നിന്ന് തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൂടെ മുന്നോട്ട് പോകുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഏക മകന്‍ 17 വയസുകാരനായ രാഹുലിനൊപ്പമാണ് സരസമ്മ താമസിക്കുന്നത്. മുന്‍ഗണനാ വിഭാഗത്തില്‍ വീടനുവദിച്ച് നല്‍കിയതിലുള്ള സന്തോഷം സരസമ്മയും മകന്‍ രാഹുലും പങ്കുവച്ചു.