ജനങ്ങള്‍ക്ക് പരമാവധി സഹായം നല്‍കലാണ് സര്‍ക്കാര്‍ നയം: മന്ത്രി റോഷി അഗസ്റ്റിന്‍
സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച താലൂക്ക് തല അദാലത്തുകളിലൂടെ ഒട്ടേറെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞതായി മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലയിലെ അവസാനത്തെ താലൂക്ക്തല പരാതിപരിഹാര അദാലത്തായ ഇടുക്കി താലൂക്ക് അദാലത്ത് ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങള്‍ക്ക് പരമാവധി സഹായം ചെയ്യുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് അദാലത്തുകള്‍ സംഘടിപ്പിച്ചത്. ഇടുക്കി താലൂക്കിലെ അദാലത്ത് ഇന്ന് കഴിയുന്നതോടെ ജില്ലയിലെ അഞ്ച് താലൂക്കിലെയും അദാലത്തുകള്‍ പൂര്‍ണമാവുകയാണ്. ധാരാളം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. പരാതികളുമായി വന്നവര്‍ 100 ശതമാനം തൃപ്തിയോടെയാണ് അദാലത്ത് വേദികളില്‍ മടങ്ങിയതെന്നും മന്ത്രി പറഞ്ഞു. അദാലത്തുകള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ച ജില്ലാ ഭരണകൂടത്തെയും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ മുന്നിട്ടിറങ്ങിയ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.
ഉദ്ഘാടന ചടങ്ങില്‍ സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. കാലങ്ങളായി പരിഹരിക്കാന്‍ കഴിയാതിരുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ അദാലത്തുകളിലൂടെ പരിഹരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം എന്ത് ചെയ്തു എന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുമ്പാകെ അഭിമാനപുരസ്സരം സമര്‍പ്പിച്ച സര്‍ക്കാരാണിത്. ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നു എന്നാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത 900 കാര്യങ്ങളില്‍ 809 എണ്ണവും നടപ്പാക്കിക്കഴിഞ്ഞു. ഇടുക്കിയിലെ പട്ടയ, ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനൊടുവില്‍ ലളിത ശിവന്‍ അമ്പലപ്പറമ്പില്‍, ഓമന ഗോപി ചിറകണ്ടത്തില്‍, ഓമന ചന്ദ്രന്‍ കുടിലിമറ്റത്തില്‍ എന്നിവര്‍ക്ക് മന്ത്രിമാര്‍ ചേര്‍ന്ന് പട്ടയം നല്‍കി. തുടര്‍ന്ന് 7 പേര്‍ക്ക് വനാവകാശ നിയമപ്രകാരമുള്ള കൈവശ രേഖ വിതരണം ചെയ്തു. അദാലത്തില്‍ പൂര്‍ണമായി തീര്‍പ്പാക്കിയ പരാതിക്കാര്‍ക്കുള്ള മുന്‍ഗണന റേഷന്‍കാര്‍ഡുകള്‍, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയും അദാലത്ത് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വേദിയില്‍ വെച്ച് നല്‍കി. തുടര്‍ന്ന് എന്റെ കേരളം പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങളും വിതരണം ചെയ്ത ശേഷമാണ് മന്ത്രിമാര്‍ അദാലത്തിലേക്ക് കടന്നത്.
ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍, സബ് കളക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ് , ഡെപ്യൂട്ടി കളക്ടര്‍മാരായ മനോജ് കെ, ദീപ കെ. പി, ജോളി ജോസഫ്, ഇടുക്കി തഹസില്‍ദാര്‍ ജോളി പി മാത്യു എന്നിവര്‍ പങ്കെടുത്തു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിനാണ് 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക്തല അദാലത്ത് നടത്തുന്നത്.