ഏലക്ക വില വീണ്ടും കുത്തനെ കുറയുന്നു ; കർഷകർ പ്രതിസന്ധിയിൽ
അഞ്ചു മാസം മുമ്പ് 1000 രൂപക്ക് മുകളിൽ എത്തിയ ഏലക്ക വില വീണ്ടും കുത്തനെ കുറയുന്നു. വിളവെടുപ്പു സീസൺ അടുത്തു വരുമ്പോൾ ഉണ്ടാകുന്ന വിലയിടിവ് കർഷകരെ വലിയ പ്രതിസന്ധിയിലാക്കുകയാണ്.
ജനുവരിയിൽ ഒരു കിലോ ഏലത്തിന് 2000 രൂപക്ക് അടുത്തു വരെ എത്തിയിരുന്നു. എന്നാൽ വിളവെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിച്ചിരിക്കെ വില കുത്തനെ കുറഞ്ഞു. 900 രൂപക്കടുത്താണ് ഇപ്പോഴത്തെ ശരാശരി വില. മുമ്പ് വില കൂടിയപ്പോഴും ഇതിന്റെ ഗുണം കാര്യമായി കർഷകർക്ക് ലഭിച്ചിരുന്നില്ല. വൻകിട കച്ചവട ലോബിയാണ് ഏലം വിപണി നിയന്ത്രികുന്നത്. ഇതാണ് കർഷകർക്ക് തിരിച്ചടിയാകുന്നതും.
ഒരു കിലോ ഏലത്തിന് ശരാശരി 1500 രൂപയെങ്കിലും കിട്ടിയെങ്കിൽ മാത്രമേ കർഷകർക്ക് പിടിച്ചു നിൽക്കാനാകൂ. വളം - കീടനാശിനി വിലയും തൊഴിലാളികളുടെ കൂലിയും വർദ്ധിച്ചതോടെ ഏലം കൃഷി വലിയ പ്രതിസന്ധിയിലാണ്. ഇത്തവണ വിളവെടുപ്പ് സീസണിലും വിലയിടിവ് തുടർന്നാൽ കർഷകർ വൻ കടക്കെണിയിലാകും.