അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലേക്ക് നീങ്ങുന്നു
കഴിഞ്ഞ ദിവസം തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ച അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലേക്ക് നീങ്ങുന്നു. ഇന്നലെ മേഘമല വനത്തിലേക്ക് പോയ ആന ഇന്ന് രാവിലെയാണ് സുരുളിക്ക് സമീപം എത്തിയത്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് തമിഴ്നാട് വനം വകുപ്പ് നിരീക്ഷിച്ചു വരുന്നു. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സുരളിയിൽ എത്തി. ഇന്നലെ ഉച്ചക്ക് കൂത്തനാച്ചി ക്ഷേത്രത്തിന് പിൻ ഭാഗത്തെ വനമേഖലയിൽ എത്തിയ അരിക്കൊമ്പൻ അവിടെ മണിക്കൂറുകളോളം വിശ്രമിച്ച ശേഷമാണ് പതിയെ സഞ്ചരിച്ചു തുടങ്ങിയത്. രണ്ടു ദിവസമായി കാര്യമായി ഭക്ഷണം കഴിക്കാത്തതിനാൽ അരിക്കൊമ്പൻ ക്ഷീണിതനാണെന്നാണ് വനംവകുപ്പ് കരുതുന്നത്. കമ്പത്തെ ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയാൽ മാത്രം മയക്കുവെടി വച്ചാൽ മതിയെന്നാണ് ദൗത്യസംഘത്തിൻ്റെ തീരുമാനം. മയക്കു വെടി വച്ചാൽ മേഘമല വരശനാട് ഭാഗത്തേക്ക് കൊണ്ടു പോകുന്നതിനായി സ്വയംഭൂ, മുത്തു, ഉദയൻ എന്നീ മൂന്ന് കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്.