മാസാവസാനം കൃത്യമായി ശമ്ബളം കിട്ടുന്നില്ലേ? ആദ്യമേ കോടതിയില്‍ പോകണ്ട; ചെയ്യേണ്ടത് ഇങ്ങനെ
പകലന്തിയോളം പണിയെടുത്താലും മാസാവസാനം കൃത്യമായി ശമ്ബളമോ ബോണസോ തരാതെ മുതലാളിമാര്‍ പറ്റിക്കുന്നുണ്ടോ? ദിനംപ്രതി ഇത്തരം നിരവധി പരാതികള്‍ ലേബര്‍ കമ്മീഷണറുടെ ഓഫീസുകളില്‍ എത്താറുണ്ട്.പ്രധാനമായും ആരംഭ ദിശയിലുള്ള സ്റ്റര്‍ട്ട് അപ്പ് കമ്ബനികളിലും ചെറിയ സ്ഥാപനങ്ങളിലും സാമ്ബത്തിക പ്രതിസന്ധിയുള്ള വലിയ സ്ഥാപനങ്ങളിലുമൊക്കെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. തീയതി വൈകി ശമ്ബളം ലഭിക്കുന്നതും ശമ്ബളം രണ്ടു ഗഡുവായി നല്‍കുന്നതും ആനുകൂല്യങ്ങള്‍ പിടിച്ചുവയ്ക്കുന്നതുമൊക്കെ ഇവിടങ്ങളില്‍ പതിവാണ്.എന്നാല്‍ ഇതിനൊക്കെ നിയമപരമായി പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. പലപ്പോഴും കമ്ബനികള്‍ നഷ്ടത്തിലാണെന്നോ മറ്റോ പറഞ്ഞ് ശമ്ബളം പിടിച്ചു വെക്കാറുണ്ട്. എന്നാല്‍ ഇന്ത്യയിലെ നിയമം അനുസരിച്ച് ഒരു തൊഴിലുടമയ്ക്കും അകാരണമായി ശമ്ബളം തടഞ്ഞുവെക്കാന്‍ അവകാശമില്ല. ഒരാള്‍ വിയര്‍പ്പൊഴുക്കി പണിയെടുത്താല്‍ അതിനുള്ള പ്രതിഫലം കൃത്യസമയത്ത് കിട്ടുക എന്നത് ഓരോ ജീവനക്കാരന്റെയും മൗലികമായ അവകാശമാണ്. ശമ്ബളം നല്‍കേണ്ടത് കമ്ബനിയുടെ നിയമപരമായ ബാധ്യതയും.1936 ലെ പേയ്മെന്റ് ഓഫ് വേജസ് ആക്‌ട് പ്രകാരം തൊഴിലുടമകള്‍ സമയബന്ധിതമായി വേതനം നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുവെന്ന് സുപ്രീം കോടതിയിലെ അഡ്വക്കേറ്റ്-ഓണ്‍-റെക്കോര്‍ഡ് ബി. ശ്രാവന്ത് ശങ്കര്‍ പറയുന്നു. ഏഴാം തീയതിയോ പത്താം തീയതിയോ അല്ലെങ്കില്‍ നിശ്ചിത സമയപരിധിക്കുള്ളിലോ ശമ്ബളം നല്‍കണം. ശമ്ബളം മനഃപൂര്‍വ്വം പിടിച്ചുവയ്ക്കുന്നത് തൊഴില്‍ നിയമങ്ങളുടെ ലംഘനമാണ്. ശമ്ബളം വൈകിയാല്‍ ആദ്യം ചെയ്യേണ്ടത് എന്താണെന്നും നിയമവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.ശമ്ബളം വൈകിയാല്‍ ആദ്യം തന്നെ നേരിട്ട് കോടതിയില്‍ പോകരുത്. ആദ്യപടി ഈ വിഷയം ഔദ്യോഗികമായി ഉന്നയിക്കുകയും ഒരു രേഖ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്. വേതനം കിട്ടാത്ത സാഹചര്യമുണ്ടായാല്‍ ആദ്യം ചെയ്യേണ്ടത് കമ്ബനിയുടെ എച്ച്‌ആര്‍ വിഭാഗത്തിനോ മേലധികാരിക്കോ കൃത്യമായി ഒരു പരാതി നല്‍കുക എന്നതാണ്. ഇ-മെയില്‍ വഴി ഇത് അയക്കുന്നതാണ് ഏറ്റവും നല്ലത്, കാരണം പിന്നീട് തെളിവായി ഉപയോഗിക്കാം. എന്നിട്ടും ഫലമില്ലെങ്കില്‍ നിങ്ങള്‍ക്ക് ലേബര്‍ കമ്മീഷണറെ സമീപിക്കാം. ശമ്ബളം വൈകുന്ന ഓരോ ദിവസത്തിനും പിഴയടക്കം വാങ്ങിത്തരാന്‍ ലേബര്‍ കോടതികള്‍ക്ക് അധികാരമുണ്ട്.ഇ-മെയില്‍ അയയ്ക്കുന്നതിലൂടെ, കോടതി നടപടികള്‍ ആരംഭിക്കുന്നതിന് മുമ്ബ് ജീവനക്കാര്‍ കമ്ബനിയുമായി ആശയവിനിമയം നടത്തിയിരുന്നതായി ഉറപ്പു വരുത്താന്‍ സഹായിക്കും. അതേസമയം, ശമ്ബളത്തിന് പുറമേ ബോണസും മറ്റ് ആനകൂല്യങ്ങളും ലഭിക്കുമോ എന്ന കാര്യം പല ജീവനക്കാര്‍ക്കും അറിയില്ല.നിയമപ്രകാരം സംരക്ഷണം ലഭിക്കുന്നത് അടിസ്ഥാന ശമ്ബളത്തിനാണെന്ന് അഡ്വ. ശ്രാവന്ത് ശങ്കര്‍ വിശദീകരിക്കുന്നു. എന്നിരുന്നാലും, ഇന്‍സെന്റീവും മറ്റ് ആനുകൂല്യങ്ങളും കമ്ബനി ഉറപ്പു നല്‍കുകയോ ശമ്ബള ഘടനയുടെ ഭാഗമാകുകയോ ചെയ്താല്‍ അത് നല്‍കാനുള്ള ബാധ്യതയുണ്ട്. അതേസമയം, തൊഴില്‍ കരാറിലോ കമ്ബനി നയത്തിലോ വാഗ്ദാനം ചെയ്തിട്ടില്ലെങ്കില്‍ ബോണസുകള്‍ ഒരു അവകാശമായി ഉന്നയിക്കാനും കഴിയില്ല.ശമ്ബളം തരാതെ പറ്റിക്കുന്ന കമ്ബനികള്‍ക്കെതിരെ സിവില്‍ നിയമ പ്രകാരവും ക്രിമിനല്‍ നിയമ പ്രകാരവും നടപടിയെടുക്കാം. ജോലി പോകും എന്ന് പേടിച്ച് മിണ്ടാതിരിക്കേണ്ട കാര്യമില്ലെന്നും സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകണമെന്നും നിയമവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. ലേബര്‍ കമ്മീഷണര്‍, ലേബര്‍ കോടതികള്‍ അല്ലെങ്കില്‍ സിവില്‍ കോടതികള്‍ എന്നിവിടങ്ങളില്‍ പരാതികള്‍ സമര്‍പ്പിക്കാം. നിയമന കത്തുകള്‍, തൊഴില്‍ കരാറുകള്‍, ശമ്ബള സ്ലിപ്പുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ഈ വിഷയം ഉന്നയിച്ചുകൊണ്ടുള്ള ഇ-മെയിലുകള്‍ എന്നിവ സൂക്ഷിച്ചുവയ്ക്കണം. വേതനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ഇത്തരം രേഖകള്‍ നിര്‍ണായകമാണെന്നും ശ്രാവന്ത് ശങ്കര്‍ പറയുന്നു.

