കഞ്ഞിക്കുഴിയില്‍ ജലസേചനത്തിനും ടൂറിസത്തിനും 28 കോടി രൂപ അനുവദിച്ചു:മന്ത്രി റോഷി അഗസ്റ്റിന്‍
കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം കുത്ത് ഭാഗത്ത് വിസിബി കം ബ്രിഡ്ജ്, വിസിബികളുടെ നിര്‍മാണം, ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി തുടങ്ങിയവ നടപ്പിലാക്കുന്നതിനായി 28 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നബാര്‍ഡ് പദ്ധതി പ്രകാരമാണ് പണം അനുവദിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയായ ഈ പ്രദേശത്ത് ഏലം, കൊക്കോ, കുരുമുളക്, ജാതി തുടങ്ങിയ കൃഷികളോടൊപ്പം തന്നാണ്ട് കൃഷികളുടെയും പഴം, പച്ചക്കറി ഉത്പാദനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
600 ഹെക്ടറോളം സ്ഥലത്ത് ജലം പമ്പ് ചെയ്തു ജലസേചനം നടത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. മൈലപ്പുഴ ഭാഗത്ത് വിസിബി നിര്‍മിച്ച് മലയണ്ണാമലയില്‍ നിര്‍മിക്കുന്ന ടാങ്കില്‍ വെള്ളം എത്തിക്കുന്നതിലൂടെ സമീപ പ്രദേശങ്ങളിലെ ജലസേചനം സുഗമമാകും. ഇതോടൊപ്പം മൈലപ്പുഴയുടെ മുകള്‍ ഭാഗത്തും ടാങ്ക് നിര്‍മിക്കുന്നതിന് ലക്ഷ്യമിടുന്നുണ്ട്. മൈലപ്പുഴ പഴയിരിക്കണ്ടം തോടില്‍ എട്ടോളം ചെക്ക് ഡാമുകള്‍ നിര്‍മിച്ച് ഒഴുക്ക് വെള്ളം തടഞ്ഞു നിര്‍ത്തി ജലസേചന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും.
ചേലച്ചുവട് - വണ്ണപ്പുറം റോഡില്‍ നിന്ന് 150 മീറ്റര്‍ മാത്രം അകലത്തിലൂടെ കടന്നു പോകുന്ന മൈലപ്പുഴ പഴയരിക്കണ്ടം തോടില്‍ ചെക്ക് ഡാമുകള്‍ നിര്‍മിക്കുന്നതിലൂടെ ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്താനാകും. കൊട്ടവഞ്ചി, കയാക്കിങ് ഉള്‍പ്പെടെയുള്ള ടൂറിസം സാധ്യത ഇതിലൂടെ സാധ്യമാകും വിധത്തിലാണ് ചെക്ക് ഡാമുകളുടെ നിര്‍മാണം. സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമായ പഴയരിക്കണ്ടം വെള്ളച്ചാട്ടത്തിലുള്ള വിനോദസഞ്ചാരം സുഗമമാക്കുന്നതിനും സൗകര്യം ഒരുക്കാനാകുമെന്നും റോഷി അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടി.