ചൊക്രമുടിയിലെ കയ്യേറ്റം മനുഷ്യജീവന് ഭീഷണി; കയ്യേറ്റക്കാരെ മലയിറക്കി വിടുമെന്ന് ബിജെപി ജില്ലാ നേതൃത്വം
ദേവികുളം താലൂക്കിൽ ബൈസൻവാലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചൊക്രമുടിയിൽ നടന്നിട്ടുള്ള കയ്യേറ്റ സ്ഥലം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമലയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ചൊക്രമുടിയിലെ കയ്യേറ്റക്കാരെ മലയിറക്കി വിടുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ ചൊക്ര മുടിയിൽ നടന്നിട്ടുള്ളത് വൻ കയ്യേറ്റമാണ്. ഭൂമി കയ്യേറിയിരിക്കുന്നു എന്നതിനപ്പുറത്തേക്ക് മനുഷ്യൻ്റെ ജീവന് ഭീഷണി ഉയർത്തുന്നത് കൂടിയാണ് ഈ കയ്യേറ്റം. ട്രൈബൽ കോളനി ആയ ചൊക്രമുടി കുടി അടക്കമുള്ള താഴ ഴ്‌വരയിലെ പ്രദേശങ്ങളിൽ വെള്ളം എത്തുന്നത് ചൊക്രമുടിയിൽ നിന്ന് ഉത്ഭവിക്കുന്ന ജലസ്രോതസ്സുകളിൽ നിന്നാണ്.
ഈ ജലസ്രോതസ്സുകളുടെ ഒഴുക്കുകൾ തടഞ്ഞുകൊണ്ട് വലിയ കുളവും തടയണയും നിർമ്മിച്ചിരിക്കുന്നത് ബൈസൺവാലി മുട്ടുകാട് പൊട്ടൻകാട് തുടങ്ങിയ മേഖലകളിലെ ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്നു.പശ്ചിമഘട്ടത്തിൽ അതീവ പരിസ്ഥിതി ദുർബല പ്രദേശമായ ഇവിടെ പട്ടയം നൽകിയതും നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതിപത്രം നൽകിയതും എങ്ങനെയാണ് എന്ന് പരിശോധിക്കണം.
ഭരണകക്ഷിയുടെയും ഉദ്യോഗസ്ഥരുടേയും പങ്ക് വെളിച്ചക്ക് കൊണ്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.കയ്യേറ്റക്കാരെ സഹായിക്കുന്നതിനുള്ള വലിയ അഴിമതി ചൊക്ര മുടിയിൽ നടന്നിട്ടുണ്ട്. ചൊക്രമുടി സംരക്ഷണ സമിതി പ്രവർത്തകരുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തി.
വയനാടിന് സമാനമായ ദുരിതം തങ്ങൾക്ക് ഉണ്ടാകുമോ എന്ന് ഭയമുണ്ടെന്ന് ചൊക്രമുടി ആദിവാസി കുടിയിലെ കാണി കുമാരസ്വാമി അഭിപ്രായപ്പെട്ടു. ബിജെപി അടിമാലി മണ്ഡലം പ്രസിഡൻ്റ് ബി മനോജ് കുമാർ, ബി ജെ പി ബൈസൺ വാലി പഞ്ചായത്ത് പ്രസിഡൻ്റ് അയ്യപ്പൻ ,ജനറൽ സെക്രട്ടറി സതീശൻ മണ്ഡലം സെക്രട്ടറി ആനി ബാബു, ദേവികുളം മണ്ഡലം സെക്രട്ടറി ജോഷി പി എ , നേതാക്കളായ ബാലു, അജയ് എം എസ്, പൊട്ട് രാജ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.