സമസ്‌ത മേഖലയിലും വിദ്വേഷം നിറയ്ക്കാൻ ശ്രമം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്‌റഫ്
തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ തിരിച്ചടി മാനിക്കാതെ സമസ്ത മേഖലകളിലും വർഗീയ -വിദ്വേഷ കാഴ്ചപ്പാടുള്ള പ്രവർത്തനങ്ങളാണ് ബിജെപി സർക്കാർ നടത്തുന്നതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫ് പറഞ്ഞു. സിപിഐ ദേശീയ കൗൺസിലിന്റെയും സംസ്ഥാന കൗൺസിലിന്റെയും തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യാൻ തൊടുപുഴ ചിന്ന ഓഡിറ്റോറിയത്തിൽ ചേർന്ന മേഖല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യ മുന്നണി മുൻകൈ എടുക്കണം. കാർഷിക-തൊഴിൽ മേഖലകളെ അവഗണിച്ച് കോർപ്പറേറ്റുകൾക്ക് രാജ്യത്തെ സാമ്പത്ത് കൊള്ളചെയ്യാൻ കൂട്ടുനിൽക്കുകയാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം പറഞ്ഞു. മുലമറ്റം മണ്ഡലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
തൊടുപുഴ മണ്ഡലം സെക്രട്ടറി വി ആർ പ്രമോദ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ സലിംകുമാർ, സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസ് മാത്യു എന്നിവർ സംസാരിച്ചു.തൊടുപുഴ, മൂലമറ്റം മേഖലയിലെ സംസ്ഥാന - ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം കമ്മറ്റി മെമ്പര്‍മാര്‍, ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവരാണ് മേഖല യോഗത്തിൽ പങ്കെടുത്തത്.






