ചിന്നക്കനാലിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടൽ; ഗുരുതരമായി പരുക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു
ഇടുക്കി ചിന്നക്കനാലിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവാലന് ഗുരുതര പരുക്ക് ഏറ്റത്. കഴിഞ്ഞ ദിവസം വനം വകുപ്പ് ഒറ്റയാന് ചികിത്സ ആരംഭിച്ചിരുന്നു.ഒരാഴ്ച മുൻപാണ് ചക്കകൊമ്പനും മുറിവാലനും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പിൻ ഭാഗത്ത് ഗുരുതര മുറിവ് പറ്റിയ ആനയെ വനം വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു.
അവശ നിലയിൽ ആയ കൊമ്പൻ കഴിഞ്ഞ ദിവസം ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെ വന മേഖലയിൽ വീഴുകയായിരുന്നു. വനം വകുപ്പ് വെറ്റിനറി സംഘം മുറിവാലന് ഇന്നലെ പ്രഥമീക ശുശ്രൂഷ നൽകി. പഴുപ്പ് കുറയുന്നതിന് ആന്റിബയോടിയ്ക്കും നൽകി.
കൊമ്പ് കൊണ്ട് മുറിവേറ്റ ഭാഗം പഴുത്തതാണ് ഒറ്റയാൻ അവശ നിലയിൽ ആകാൻ ഇടയാക്കിയത്.ചക്ക കൊമ്പനും മുറിവാലനും തമ്മിൽ ഏറ്റുമുട്ടൽ പതിവാണെങ്കിലും ഗുരുതര പരുക്ക് ഏൽക്കുന്നത് ആദ്യമാണ്.