കഠിന വരൾച്ച മൂലം പൂർണമായി നാശം സംഭവിച്ച കൃഷിയിടങ്ങൾ കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി
അതിശക്തമായ വരൾച്ചയിൽ പൂർണ്ണമായി നാശം സംഭവിച്ച കൃഷിയിടങ്ങളാണ് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ടിലിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തിയത്. അതി കഠിനമായ വരൾച്ചിൽ ഇടുക്കി ജില്ലയിലെ 60%ത്തിലധികം കൃഷി ഉണങ്ങിക്കരിഞ്ഞു. ഏലം ഉൾപ്പെടെയുള്ള കൃഷിയിടങ്ങളിൽ കച്ചിക്ക് സമമായി ഏലച്ചെടികൾ അടിഞ്ഞുകൂടുകയാണ്.
അതിനോടൊപ്പം തന്നെ കുരുമുളക്,കാപ്പി,കൊക്കോ, ജാതി ഉൾപ്പെടെയുള്ള നാണ്യവിളകളിലും വരൾച്ചയിൽ നാശം സംഭവിച്ചു. ഇതോടെ ഹൈറേഞ്ചിലെ കർഷകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന വള്ളക്കടവിലെ വിവിധ കൃഷിയിടങ്ങളിൽ സന്ദർശനം നടത്തിയത് .
257 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചു എന്ന കൃഷിവകുപ്പിന്റെ കണക്കിനേക്കാൾ ഇരട്ടിയാണ് സംഭവിച്ചിട്ടുള്ളത്. അതിൽ ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്.അമ്പതിനായിരത്തിലേറെ കർഷകരെ വരൾച്ച ബാധിച്ചിട്ടുണ്ട്. ഒരു ലക്ഷത്തി അറുപത്തി രണ്ടായിരത്തി ഇരുന്നൂറ് ഹെക്ടർ സ്ഥലത്തെ ഏലകൃഷി പൂർണമായി കരിഞ്ഞുണങ്ങി. ഈ സാഹചര്യത്തിൽ ജില്ലയെ വരൾച്ച ബാധിത ജില്ലയായി അടിയന്തരമായി പ്രഖ്യാപിക്കണം, ജില്ലയ്ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കുമ്പോൾ മുൻ വർഷങ്ങളിൽ പ്രഖ്യാപിച്ചത് പോലെ നടപ്പിലാവാത്ത പാക്കേജിന് പകരം കർഷകർക്ക് ലഭ്യമാകുന്ന പാക്കേജ് വേണം നടപ്പിലാക്കുവാൻ.
കൂടാതെ കൃഷി മന്ത്രി അടക്കം നടത്തിയ സന്ദർശനം വെറും പ്രഹസനമായി മാറിയെന്നും കൃഷിയിടങ്ങൾ സന്ദർശിച്ചുകൊണ്ട് കേരള കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് പറഞ്ഞു.അടിയന്തരമായി സർക്കാർ കർഷകർക്ക് സഹായം എത്തിക്കാൻ ഇടപെടൽ നടത്തണം , കർഷകരുടെ സാമ്പത്തികഭദ്രത ഉറപ്പുവരുത്തുവാൻ ബാങ്ക് വായ്പകളിൽ പലിശയിളവും, മൊറട്ടോറിയവും പ്രഖ്യാപിക്കണമെന്നും, പുന കൃഷിക്ക് വേണ്ട സഹായങ്ങൾ കർഷകരിൽ എത്തിക്കണം എന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വള്ളക്കടവ് പുളിക്കത്താഴെ മാത്തച്ചൻ, വെള്ളിയാകുളം ബോബൻ, കോഴിക്കോട് ദേവസ്യാച്ചൻ , കളരിക്കൽ സാബു, വണ്ടകത്തിൽ ജോയിച്ചൻ എന്നിവരുടെ കൃഷിയിടങ്ങളാണ് സന്ദർശിച്ചത്. കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ജോസ് ആനക്കല്ലിൽ, പി എസ് മേരിദാസൻ, ഷജിമോൾ ഷാജി, പി ജെ ബാബു, കെ ഡി രാധാകൃഷ്ണൻ നായർ എന്നിവരും സന്ദർശനത്തിനുണ്ടായിരുന്നു.










