ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കൺവൻഷൻ നടന്നു

ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കൺവൻഷൻ കട്ടപ്പന മാസ് ഓഡിറ്റോറിയത്തിൽ നടന്നു. സംഘടന ദേശീയ കമ്മറ്റിയംഗവും സംസ്ഥാന സെക്രട്ടറിയുമായ ജി.സജീവൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.തൊഴിലാളികളുടെ റിട്ടയർമെൻറ് തുക ലഭിക്കുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥർ നടന്നില്ല അട്ടിമറിയിൽ ഫലപ്രദമായി ഇടപെടാൻ തൊഴിൽ വകുപ്പിന് സാധിക്കാത്തത് തൊഴിലാളികളോട് കാണിക്കുന്ന അനീതിയാണെന്ന് കൺവൻഷനിൽ നേതാക്കൾ പറഞ്ഞു.സംഘടന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന വാർഷിക സാന്ത്വന പദ്ധതി, സ്വയം സഹായ സംഘം പ്രവർത്തനങ്ങൾ, കൊല്ലത്ത് ആരംഭിച്ച ടെയ്ലർ ടച്ച് വസ്ത്രനിർമ്മാണ യൂണിറ്റ്, ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾ എന്നിവയെല്ലാം കൺവൻഷനിൽ പ്രതിപാദിച്ചു.
ജില്ല നേരിടുന്ന മനുഷ്യ വന്യജീവി സംഘർഷ പ്രശ്നത്തിൽ നടപടി, ക്ഷേമനിധിയിൽ നിന്നു റിട്ടയർ ചെയ്തവർക്ക് മുഴുവൻ തുകയും ലഭ്യമാക്കുക എന്നീ പ്രമേയങ്ങൾ കൺവൻഷനിൽ അവതരിപ്പിച്ചു.ജില്ലാ പ്രസിഡൻറ് കെ.വി.രാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എസ് സതികുമാർ സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ബി. മനോഹരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികളായ അന്നമ്മ എ.വി , റ്റി കെ.സുനിൽകുമാർ, ജോസ് സേവ്യർ, വി.ജെ. ജോർജ്, വി.വി. സൗദാമിനി, ലിസമ്മ കുരുവിള, മോളി തോമസ്, ഒ.ആർ ശശിധരൻ, രത്നമ്മ ഗോപിനാഥ് എന്നിവർ സംസാരിച്ചു. ജില്ലയിലെ 16 ഏരിയകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുത്തു.