എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജിന്‍റെ തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്വീകരണ പര്യടനം ജനപങ്കാളിത്തംകൊണ്ട് ആവേശമായി

എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജിന്‍റെ തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്വീകരണ പര്യടനം ജനപങ്കാളിത്തംകൊണ്ട് ആവേശമായി. ഇരുപതോളം സ്വീകരണ കേന്ദ്രങ്ങളിലെത്തിയ സ്ഥാനാര്‍ഥിയെ സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് ജനാധിപത്യവിശ്വാസികള്‍ വഴിയരികുകളിലും വീട്ടുവളപ്പുകളിലും കാത്തുനിന്നു. രാവിലെ എട്ടിന് പൂമാല സ്വാമിക്കവലയില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി ഉദ്ഘാടനംചെയ്തു.
ഭരണഘടനയെയും അത് നമുക്ക് നല്‍കുന്ന അവകാശങ്ങളെയും സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ചെറുപ്രസംഗം. ഭരണഘടനയെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ നമുക്കാവണം. ഭരണഘടന ഇല്ലാതായാല്‍ നമ്മുടെ അവകാശങ്ങളും ഇല്ലാതാകും. പൗരത്വത്തിന് മതം മാനദണ്ഡമാകുകയാണിപ്പോള്‍. പാര്‍ലമെന്‍റില്‍ ഇപ്പോള്‍ എതിര്‍ശബ്ദമില്ല. പ്രതിസന്ധിഘട്ടങ്ങളില്‍ രാജ്യത്തിന് പ്രതിരോധം തീര്‍ക്കുകയെന്നതാണ് ഇടതുപക്ഷ വിജയത്തിനുള്ള പ്രാധാന്യം. ജോയ്സ് പറഞ്ഞു. എല്‍ഡിഎഫ് മേഖല കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ് തോമസ് അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ പ്രൊഫ. കെ ഐ ആന്‍റണി, വി വി മത്തായി, മുഹമ്മദ് ഫൈസല്‍, ടി കെ ശിവന്‍നായര്‍, വി ആര്‍ പ്രമോദ്, റെജി കുന്നംകോട്ട്, അനില്‍ രാഘവന്‍, ജിമ്മി മറ്റത്തിപ്പാറ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് തുറന്ന ജീപ്പില്‍ പര്യടനം. പന്നിമറ്റം, പൂച്ചപ്ര, ഇളംദേശം, കുട്ടപ്പന്‍കവല, ആലക്കോട്, തട്ടക്കുഴ, പെരിങ്ങാശേരി, ചീനിക്കുഴി, ഉപ്പുകുന്ന്, ചാക്കപ്പന്‍കവല, ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍ ടൗണ്‍, കോട്ടക്കവല, കോടിക്കുളം, വണ്ടമറ്റം, പടി. കോടിക്കുളം, കാളിയര്‍ എന്നിവിടങ്ങള്‍ പിന്നിട്ട് വണ്ണപ്പുറത്ത് സമാപിച്ചു. സമാപന സമ്മേളനം പി സി ജോസഫ് ഉദ്ഘാടനം ചെയ്തു.