ഇടുക്കി കുമളിയിൽ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ടിന് സസ്പെൻഷൻ; എം.സി. ബൈജുവാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഷനിലായത്
കുമളി പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ട് എം.സി. ബൈജുവിനെ സസ്പെൻഡ് ചെയ്തതിൽ നിരവധി കാരണങ്ങളാണ് പഞ്ചായത്ത് പ്രസിഡൻ്റ് രജനി ബിജു മുമ്പോട്ട് വയ്ക്കുന്നത്. പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ അനുമതിയില്ലാതെ തമിഴ്നാട് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു, ജൂനിയർ സൂപ്രണ്ട് എന്ന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പഞ്ചായത്തിൽ നിന്ന് സ്ഥലം മാറിപ്പോയ ജീവനക്കാരുമായി തമിഴ്നാട് സർക്കാർ വക ബോട്ടിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉൾപ്പെടെ സന്ദർശനം നടത്തി, ഓഫീസിലെ വിവരാവകാശ നിയമത്തിൻ്റെ ഉത്തരവാധിത്തപ്പെട്ട ഉദ്യോഗസ്ഥൻ എന്ന പദവി വരെ ദുരുപയോഗം ചെയ്തു എന്നീ കാരണങ്ങളാണ് സസ്പെൻഷൻ നടപടി എന്ന് പ്രസിഡൻ്റ് പറഞ്ഞു. ഓഫീസിലെ കീഴ് ജീവനക്കാരെ നിയന്ത്രിക്കുകയോ, ഓഫീസിൽ അച്ചടക്കം പാലിച്ചില്ല എന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. പഞ്ചായത്തുമായി തർക്കം നിലനിൽക്കുന്ന സ്ഥലമുടമകളുടെ സൽക്കാരങ്ങൾ സ്വീകരിച്ചതായും പറയുന്നു. ഉദ്യോഗസ്ഥരുടെ മേൽ നിയന്ത്രണം വരുന്ന ചട്ടത്തിലെ സെക്ഷൻ (8) പ്രകാരമാണ് നടപടി. പഞ്ചായത്ത് സെക്രട്ടറി സസ്പെൻഷൻ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരുത്തി പകരം സംവിധാനം ഏർപ്പെടുത്തി രേഖാമൂലം പ്രസിഡൻ്റിന് റിപ്പോർട്ട് ചെയ്യണമെന്ന നിർദേശവും നൽകി.