കട്ടപ്പന നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ ജനുവരി 19ന് രാജി സമർപ്പിക്കും. കോൺഗ്രസ് ധാരണയനുസരിച്ച് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് രാജി
കോൺഗ്രസിനുള്ളിലെ ധാരണ പ്രകാരം ഡിസംബർ 28-നാണ് ഷൈനി സണ്ണി ചെറിയാൻ രാജി വയ്ക്കേണ്ടിയിരുന്നത്. കാലാവധി പൂർത്തിയായിട്ടും ചെയർപേഴ്സൺ രാജി വയ്ക്കാത്തതിനെതിരെ വിമർശനവും ഉയർന്നിരുന്നു.ഇതിനിടെയാണ് ഔദ്യോഗികമായി ചെയർപേഴ്സൺ വാർത്താ സമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചത്. നിരവധി വികസന പ്രവർത്തനങ്ങളാണ് തൻ്റെ നേതൃത്വത്തിൽ ചെയ്തിരിക്കുന്നതെന്നും ചെയർപേഴ്സൺ പറഞ്ഞു.ESI ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു.ഈ കാലയളവിനുള്ളിൽ 235 PMAY വീടുകൾക്ക് കരാർ വക്കുകയും ഇതിൽ 50 വീടുകളുടെ നിർമ്മാണം പൂർത്തിയാവുകയും ചെയ്തു. കേരളത്തിലാദ്യമായി ഒരേ പീഠത്തിൽ അയ്യങ്കാളി -അംബേക്കർ പ്രതിമ കട്ടപ്പനയിൽ സ്ഥാപിക്കുകയും, പഴയ പഞ്ചായത്ത് കെട്ടിടം പൊളിച്ച് ഗാന്ധിസ്ക്വയർ നവീകരണത്തിനും നീന്തൽ പരിശീലന കേന്ദ്രത്തിനും DPR അനുമതി ലഭിക്കുകയും ചെയ്തു. കട്ടപ്പന താലൂക്കാശുപത്രിയിൽ 25 ലക്ഷം രൂപ വകയിരുത്തി ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചു. PSC ഓഫീസ് പണിയുന്നതിന്നുണ്ടായിരുന്ന തടസ്സം നീക്കി. മിനി സ്‌റ്റേഡിയത്തിലെ പൊതുവേദിയുടെ നിർമ്മാണം പൂർത്തീകരിച്ചു.
കട്ടപ്പന ട്രൈബൽ സ്കൂളിലെ ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മാണം അൺ ഫിറ്റായ അങ്കണവാടികളുടെ നിർമ്മാണം, വെൽനെസ് സെൻററുകളുടെ പ്രവർത്തനം ,കുടിവെള്ള പദ്ധതികൾ ,ഡയപ്പർ യൂണിറ്റിൻ്റെ പ്രവർത്തനം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയിരിക്കുന്നതെന്നും ചെയർപേഴ്സൺഷൈനി സണ്ണി ചെറിയാൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കൗൺസിലർമാരായ മനോജ് മുരളി, സിജു ചക്കുംമൂട്ടിൽ, രാജൻ കാലാച്ചിറ ,ലീലാമ്മ ബേബി,സജിമോൾ ഷാജി എന്നിവരും പങ്കെടുത്തു.