ഇടുക്കി പനംകുട്ടി വന മേഖലയിൽ നിന്നും രാജകീയ മരങ്ങൾ വെട്ടി കടത്തിയ സംഭവത്തിൽ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു

ഇടുക്കി പനംകുട്ടി വന മേഖലയിൽ നിന്നും രാജകീയ മരങ്ങൾ വെട്ടി കടത്തിയ സംഭവത്തിൽ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു. നൂറുകണക്കിന് തേക്ക് മരങ്ങൾ മേഖലയിൽ നിന്നും കടത്തികൊണ്ട് പോയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ പെട്ട കരിമണൽ നഗരംപാറ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസിൻ്റെ പരിധിയിൽ ആഡിറ്റ് വൺ ഭാഗത്ത് നിന്ന് തേക്ക് മരങ്ങൾ വെട്ടികടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് വെൺമണി ഭാഗത്ത് നിന്ന് വലിയ ഈട്ടി മരങ്ങളും മുറിച്ചത്. ആഡിറ്റ് വൺ ഭാഗത്ത് റോഡിന് മുകളിൽ നൂറുകണക്കിന് തേക്ക് മരങ്ങൾ വെട്ടികടത്തിയത് മാധ്യമങ്ങൾ പുറം ലോകത്തെത്തിച്ചിട്ടും അധികൃതർ ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
ആഡിറ്റ് വൺ ഭാഗത്ത് നിന്ന് അനേകം തേക്കുമരങ്ങൾ വെട്ടിക്കടത്തിയതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് ആരോപണം.
വനം കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ കണ്ടത്തി ഇവർക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്നും തടി വെട്ടി കടത്തിയ പ്രതികളെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും പരിസ്ഥിതി സംഘടനയായ ഗ്രീൻ കെയർ കേരള ആവശ്യപ്പെട്ടു.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗ്രീൻ ട്രൈബ്യൂണൽ , കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം , വനം വകുപ്പ്, ജില്ലാകളക്ടർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതിയും നൽകിയിട്ടുണ്ട്.