വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും ചന്ദന മരത്തിന്റെ ശിഖരം മോഷണം പോയ കേസിൽ 2 പേരെക്കൂടി വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ അറിവഴകൻ,മുരുകൻ എന്നിവരാണ് അറസ്റ്റിലായത്.
വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പരിസരത്തുനിന്നും ചന്ദന മരത്തിന്റെ ശിഖരം മോഷ്ടിച്ച കേസിലെ 2 പ്രതികളെ കൂടിയാണ് വണ്ടിപ്പെരിയാർ പോലീസ് ഇന്ന് തമിഴ് നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.കുമളിക്ക് സമീപം തമിഴ്നാട് ഗൂഡല്ലൂർ സ്വദേശികളായ അറിവഴകൻ,മുരുകൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുമളി ഫോറസ്റ്റ് ഓഫീസ് പരിസരത്തു നിന്നും ചന്ദനമരം മോഷണം പോയ കേസിലെ 2 പ്രതികളെ വനംവകുപ്പ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും കൂടുതൽ ചോദ്യം ചെയ്യലിൽ വണ്ടിപ്പെരിയാർ പോലിസ് സ്റ്റേഷൻ പരിസരത്തെ ചന്ദന മരത്തിന്റെ ശിഖരം മുറിച്ച് കടത്തിയത് തങ്ങളാണെന്ന് ഇവർ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകുകയും ചെയ്തിരുന്നു .തുടർന്ന് 2 പ്രതികളെയും വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും, കൂടുതൽ ചോദ്യം ചെയ്യുകയും ഇവർ ചന്ദന മരത്തിന്റെ ശിഖരം വെട്ടി ഒരുക്കിയ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരം ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് കേസിൽ2 പ്രതികൾ കൂടി അറസ്റ്റിലായത് .
കേസിലെ മൂന്നാം പ്രതി അറിവഴകൻ ചന്ദനം വാങ്ങിയ ഗൂഡല്ലൂർ മുരുകൻ എന്നിവരിൽ നിന്നും തൊണ്ടിമുതലും പോലീസ് കണ്ടെടുത്തു. ഇടുക്കി പോലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിർദേശപ്രകാരം പീരുമേട് ഡി വൈ എസ് പി ജെ കുര്യാക്കോസ് വണ്ടിപ്പെരിയാർ എസ് എച്ച് ഒ ഹേമന്ദ് കുമാർ, സബ് ഇൻസ്പെക്ടർ രാജേന്ദ്രൻ,സി പി ഓ മാരായ ബിനുകുമാർ, സുബൈർ, ശ്രീരാജ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.