പർവ്വതമാല പദ്ധതിയിൽ ഇടുക്കി ജില്ലയിൽ 2 പദ്ധതികളുടെ സാധ്യതാ പഠനം : ഡീൻ കുര്യാക്കോസ് എം.പി
ഇടുക്കി: കേന്ദ്ര സർക്കാരിൻറെ പർവ്വതമാല പദ്ധതിയിൽ ഉൾപ്പെടുത്തി ഇടുക്കി ജലാശയത്തിൻറെ പശ്ചാത്തലത്തിലും , വട്ടവട - കുണ്ടള മേഖലയിലും റോപ്പ് വേ- പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി സാധ്യതാ പഠനം പൂർത്തിയായതായി ഡീൻ കുര്യാക്കോസ് എം.പി.
ഇടുക്കിയിൽ ട്രാക്ക്റ്റ്ബെൽ കൺസൾട്ടൻസിയും, മൂന്നാർ വട്ടവടയിൽ റൈറ്റ്സ് എന്ന ഏജൻസിയും ആണ് പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി പഠനം നടത്തിയത്.ഇടുക്കി ജില്ലയിൽ പദ്ധതി അനുവദിക്കണം എന്നാവശ്യപ്പെട്ട് എംപി ദേശിയ പാത മന്ത്രാലയത്തിന് കഴിഞ്ഞ വർഷം കത്ത് നൽകിയിരുന്നു.
കേരളത്തിന് ആകെ അനുവദിച്ച 4 പദ്ധതികളിൽ രണ്ട് എണ്ണം ഇടുക്കി ജില്ലയിലാണ്. മലയോര പാതകളിൽ ആധുനിക ഗതാഗത സംവിധാനം സുഗമമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഇടുക്കി ഡാമിന് മുകളിൽ നിർമിക്കുന്ന റോപ് വേ- പദ്ധതി ജില്ലയിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കും. ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം ഗണ്യമായി ഉയർത്തുന്നതിനും പ്രാദേശിക ഗതാഗതം സുഗമമാക്കുകയും ചെയ്യുന്ന പദ്ധതിയാണ് ഇത്.
എത്രയും വേഗത്തിൽ തന്നെ പഠനം പൂർത്തീകരിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കൺസൾട്ടൻസികൾ സമർപ്പിക്കുന്ന ഡിപിആർ (ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ട് ) ൻറെ അടിസ്ഥാനത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴിലുള്ള എൻ.എച്ച്.എൽ.എം.എൽ (നാഷണൽ ഹൈവേയ്സ് ലൊജിസ്റ്റിക് മാനേജ്മെന്റ് ലിമിറ്റഡ്) ആണ് അന്തിമ അനുമതി നൽകുന്നതും , പദ്ധതി നടപ്പിലാക്കുന്നതുമെന്നും ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.