ഭൂപതിവ് ചട്ടം രൂപീകരണം വേഗത്തിലാക്കണം; മുഖ്യമന്ത്രിയെയും റവന്യൂമന്ത്രിയെയും കണ്ട് എല്‍ഡിഎഫ് നേതൃത്വം,നടപടികള്‍ വേഗത്തിലാക്കുമെന്ന് ഉറപ്പുലഭിച്ചതായി എല്‍ഡിഎഫ്

ഭുപതിവ് ഭേദഗതി നിയമം പാസാക്കിയതിന്റെ തുടര്‍ച്ചയായി ചട്ടരൂപീകരണം കൂടി സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഇടുക്കി ജില്ലാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യൂ മന്ത്രി അഡ്വ. കെ. രാജനെയും സന്ദര്‍ശിച്ചു നിവേദനം നല്‍കി. ചട്ടരൂപീകരണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഉറപ്പു നല്‍കയതായി സംഘം അറിയിച്ചു.
മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എം.എം. മണി അഡ്വ. എ. രാജ, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടി സി.വി. വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാര്‍, കേരള കോണ്‍ഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, എന്‍സിപി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
നിര്‍മാണ നിയന്ത്രണം നിലവില്‍ വന്നതോടെ മലയോര മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ക്രയവിക്രയവും പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇതുമൂലം ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനം പോലും മുരടിച്ചിരിക്കുകയാണ്. ഇടതു സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് പുതിയ നിയമം പാസാക്കിയത്.
നിലവില്‍ നടത്തിയിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമവത്കരിച്ചു നല്‍കുന്നതിനും തുടര്‍ന്നുള്ള നിര്‍മാണങ്ങള്‍ക്ക് ചട്ടം രൂപീകരിക്കുന്നതിനും സര്‍ക്കാരിന് അനുമതി നല്‍കുന്നതാണ് പുതിയ ഭൂപതിവ് നിയമം. കര്‍ഷകര്‍ക്ക് അനുകൂലമായ ചട്ടങ്ങള്‍ കൂടി പ്രാബല്യത്തില്‍ വന്നാല്‍ മാത്രമേ നിയമത്തിന് പ്രയോജനം സാധാരണക്കാര്‍ക്ക് ലഭ്യമാകൂ. ഇതിന് ആവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് നിവേദക സംഘം അഭ്യര്‍ഥിച്ചു.