യുവതിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
തൊടുപുഴ കൂവപ്പള്ളി സ്വദേശി അനിൽപ്രഭയെ ആണ് പോലീസ് ഈസ്റ്റ് ഗോദാവരിയിൽനിന്നു പിടികൂടിയത്
ഹോം നഴ്സിംഗ് ജോലി അന്വേഷിച്ചെത്തിയ യുവതിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പോലീസ് ആന്ധ്രയിൽനിന്നു അറസ്റ്റ് ചെയ്തു.തൊടുപുഴ കൂവപ്പള്ളി സ്വദേശി അനിൽപ്രഭയെ ആണ് പോലീസ് ഈസ്റ്റ് ഗോദാവരിയിൽനിന്നു പിടികൂടിയത്. ഇവിടെ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ നാലിനാണ് കുമളി സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി ഡിജിപിക്ക് പീഡന
പരാതി നൽകിയത്. തുടർന്ന് കേസ് തൊടുപുഴ പോലീസിനു കൈമാറുകയായിരുന്നു. പ്രതിയും സുഹൃത്തും ചേർന്ന് തൊടുപുഴയിൽ ജോബ് കണ്‍സൾട്ടൻസി നടത്തിയിരുന്നു. സമൂഹ മാധ്യമങ്ങൾ വഴിയാണ് സ്ഥാപനത്തിന്‍റെ പ്രചാരണം നടത്തിയിരുന്നത്. ഹോം നഴ്സിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി സ്ഥാപനവുമായി ബന്ധപ്പെട്ടത്.
തുടർന്ന് ജോലി ശരിയായിട്ടുണ്ടെന്ന് അറിയിച്ച് യുവതിയെ തൊടുപുഴയിലേക്ക് വിളിച്ചുവരുത്തി. ജോലി ശരിയാക്കിത്തരാമെന്ന് ഉറപ്പുനൽകിയ പ്രതി യുവതിയെ നഗരത്തിലെ ലോഡ്ജിൽ താമസിപ്പിച്ചശേഷം ഇവിടെ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹവാഗ്ദാനം നൽകി നഗരത്തിലെ ഒരു ലോഡ്ജിലും പിന്നീട് വാടകവീട്ടിലും 2022 മേയ് 28 മുതൽ 2023 ഫെബ്രുവരി 15 വരെ താമസിപ്പിച്ചു . പിന്നീട് ഇയാൾ യുവതിയെ കബളിപ്പിച്ച് ജോലിക്കായി തെലുങ്കാനയിലെ സെക്കന്തരാബാദിലേക്ക് പോയി. ഇതോടെയാണ് ഇവർ ഡിജിപിക്ക് പരാതി നൽകിയത്.
പ്രതിയെ പിടികൂടാനായി പോലീസ് സംഘം സെക്കന്തരാബാദിലെത്തി. ലോക്കൽ പോലീസിന്‍റെയും മലയാളി സമാജത്തിന്‍റെയും സഹായത്തോടെ അന്വേഷണം നടത്തുന്നതിനിടെ പ്രതി ബോറന്പാലം എന്ന സ്ഥലത്തേക്ക് കടന്നു. ഇവിടെയെത്തി സ്കൂളിൽ അധ്യാപകജോലി തരപ്പെടുത്തി. ഇവിടെയെത്തിയ പോലീസ് സംഘം വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി മൂന്നു തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.