പൂപ്പാറയില്‍ ദമ്പതികൾ ഉൾപ്പെടെ 3 പേര്‍ കഞ്ചാവുമായി പിടിയില്‍
തമിഴ്‌നാട് ഉസിലംപെട്ടി സ്വദേശി കുമാര്‍, ഇയാളുടെ ഭാര്യ രഞ്ജിത, ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങാനെത്തിയ ബൈസണ്‍വാലി ടീകമ്പനി വിഷ്ണു ഭവനില്‍ വിഷ്ണു എന്നിവരെയാണ് 1.870 കിലോഗ്രാം കഞ്ചാവുമായി എസ്റ്റേറ്റ് പൂപ്പാറയില്‍ വച്ച് ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവി വി.യു.കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശാന്തന്‍പാറ സിഐ മനോജ്കുമാര്‍, എസ്‌ഐമാരായ ജിജി ജോണ്‍, വി.ടി.എബ്രഹാം, സിപിഒമാരായ എം.ഡി.ഷിജു, അശ്വതി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കുമാര്‍, രഞ്ജിത എന്നിവര്‍ ഇരുചക്രവാഹനത്തില്‍ എസ്റ്റേറ്റ് പൂപ്പാറയിലെത്തി കഞ്ചാവ് വിഷ്ണുവിന് കൈമാറുന്നതിനിടെയാണ് പൊലീസ് സംഘം സ്ഥലത്തെത്തി ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.